- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സർക്കാരുണ്ടാക്കാൻ മോദിയും; ബിജെപിക്ക് ഹാട്രിക് കിട്ടുമോ?
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് എന്തും സംഭവിക്കാം. അന്തിമ ചിത്രം വ്യക്തമാകുമ്പോൾ ബിജെപിക്ക് മാത്രമായുള്ളത് 240 സീറ്റാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ 32 സീറ്റിന്റെ കുറവ്. എന്നിട്ടും മൂന്നക്ക സഖ്യ നേടിയ ഒറ്റ കക്ഷി ബിജെപി മാത്രമാണ്. കോൺഗ്രസിന് 99 സീറ്റിൽ വിജയിക്കാനായി. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയോളം സീറ്റ് കൂട്ടി. ഈ സീറ്റ് കൂട്ടലാണ് ബിജെപിയുടെ ഒറ്റകക്ഷി ഭരണത്തിന്റെ സാധ്യത ഇല്ലാതാക്കിയത്. സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എൻഡിഎ യോഗം നടക്കും. നാളെ തന്നെ സർക്കാർ രൂപീകരണം ബിജെപിയുടെ പദ്ധതികളിലുണ്ട്.
ഇന്ത്യാ മുന്നണിയിലെ സമാജ് വാദി പാർട്ടിക്ക് കിട്ടിയത് 37 ീസറ്റാണ്. ഡിഎംകെയ്ക്ക് 22ഉം. തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിച്ച് നേടിയത് 29 സീറ്റും. ഈ പാർട്ടികളുടെ മുന്നേറ്റവും ബിജെപിയെ തളർത്തി. 16 സീറ്റുള്ള തെലുങ്കുദേശമാണ് എൻഡിഎ മുന്നണിയിലെ രണ്ടാമൻ. ജനതാദൾ യുണൈറ്റഡിന് 12 സീറ്റും. ഈ രണ്ട് ഘടക കക്ഷികൾക്കുമായി ബിജെപി മുന്നണിയിൽ 28 സീറ്റുണ്ട്. ഈ രണ്ട് കക്ഷികളും കൂറുമാറിയാൽ ബിജെപിയുടെ മന്ത്രിസഭാ രൂപീകരണം അവതാളത്തിലാകും. എന്നാൽ അവർ ബിജെപിയെ കൈവിടില്ലെന്നാണ് നിലവിലെ സൂചന. മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പമുള്ള ശിവസേനയ്ക്ക് ഏഴു സീറ്റിന്റെ നേട്ടമുണ്ട്. ബീഹാറിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടിക്ക് അഞ്ചും. ഈ നാല് ഘടകക്ഷികൾ വിട്ടുപോയില്ലെങ്കിൽ ബിജെപിക്ക് കേന്ദ്രസർക്കാരുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ എൻഡിഎ യോഗത്തിൽ ഈ പാർട്ടികളെല്ലാം അവരുടെ നിലപാടുകൾ കടുപ്പിക്കാൻ സാധ്യത ഏറെയാണ്.
പത്തുവർഷത്തിനിടെ അഞ്ചുതവണയാണ് നിതീഷ് കുമാർ പക്ഷം മാറി രാഷ്ട്രീയപരീക്ഷണം നടത്തിയത്. ഫെബ്രുവരിയിൽ ഇന്ത്യ സഖ്യത്തിൽനിന്ന് ബിജെപി.യിലേക്ക് പോയതാണ് അവസാനത്തെ മാറ്റം. എൻ.ഡി.എ.യുടെ ഭാഗമായിരുന്ന ടി.ഡി.പി., 2019-ലെ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യത്തിൽനിന്ന് അകന്നു. പിന്നീട് നിലവിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും എൻ.ഡി.എ.യിൽ ചേരുകയായിരുന്നു. നിതീഷ് കുമാർ എങ്ങോട്ട് വേണമെങ്കിലും മാറും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കി ബിജെപിക്ക് പണികൊടുക്കാനും കോൺഗ്രസിനുള്ളിൽ ആലോചനകളുണ്ട്. ഇതെല്ലാം യഥാർത്ഥ്യമായാൽ ബിജെപിയുടെ ഹാട്രിക് സർക്കാർ രൂപീകരണ മോഹം പൊളിയും. എന്നാൽ അതിനുള്ള സാധ്യത നിലവിൽ കുറവാണ്. നിതീഷും നായിഡുവും ബിജെപിയുമായി ചേർന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. ബീഹാറിനും ആന്ധ്രയ്ക്കും മോദി പ്രത്യേക പരിഗണനകൾ നൽകും.
അതിനിടെ ഇന്ത്യാ മുന്നണി വിപുലീകരിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട് കേവല ഭൂരിപക്ഷം നേടിയ എൻ.ഡി.എ.യ്ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചർച്ച നടത്താനാണ് കോൺഗ്രസ് നീക്കം. രണ്ട് സഖ്യകക്ഷികളുമായും സർക്കാർ രൂപവത്കരണ സാധ്യതകൾ സംബന്ധിച്ച ചർച്ച നടത്തുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ട ഉദ്ദവ് താക്കറെയാണ് ഇതറിയിച്ചത്. എന്നാൽ ഇന്നത്തെ എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും. ഇവരുടെ ആവശ്യങ്ങൾ ബിജെപിക്ക് അംഗീകരിക്കേണ്ടിയും വരും.
സുസ്ഥിര സർക്കാർ രൂപവത്കരണത്തിനായുള്ള സഖ്യ സാധ്യതകൾക്ക് ശ്രമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകളാണുള്ളത്. ജെ.ഡി.യു., ടി.ഡി.പി. സഖ്യത്തെ ഒപ്പം ചേർത്താൽ 262 സീറ്റിലേക്ക് ഉയരും. തുടർന്ന് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളാണ് വേണ്ടിവരിക. മറ്റു പാർട്ടിക്കാരിൽനിന്ന് ചിലരെ ഒപ്പം കൂട്ടിയാൽ ഈ സംഖ്യയും മറികടക്കാം. ഇതിന് സാധ്യത ഏറെയാണ്. തൃണമൂലും കോൺഗ്രസുമായി സഹകരിക്കും. ഇന്ത്യ സഖ്യം ബുധനാഴ്ച ഇക്കാര്യങ്ങൾ ഉൾപ്പെടെ സുപ്രധാന ചർച്ചകൾ നടത്തും.
ഭൂരിപക്ഷത്തിനുവേണ്ട മാന്ത്രിക സംഖ്യ (272) മറികടക്കാൻ സാധിക്കാത്തതോടെ നിതീഷിനേയും നായിഡുവിനേയും ചേർത്തുപിടിക്കാൻ ബിജെപി.യും മറുകണ്ടംചാടിക്കാൻ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോൺഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ടെന്നതാണ് വസ്തുത. മുൻപ് തങ്ങളുടെ സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേർത്ത് സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല.
ഇന്ത്യസഖ്യത്തിലെ മറ്റു കക്ഷികളുമായി ബുധനാഴ്ചനടക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും. നിതീഷിന് ഉപപ്രധാനമന്ത്രിപദമാണെങ്കിൽ നായിഡുവിന് ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നൽകാമെന്ന് ഇന്ത്യസഖ്യം വാഗ്ദാനംചെയ്തുവെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരുമായും എൻ.സി.പി. നേതാവ് ശരദ് പവാർ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
മുന്നണികൾ മാറാൻ യാതൊരുമടിയും കാണിക്കാത്ത നിതീഷ് കുമാറിന്റെ ചരിത്രമാണ് ബിജെപി.ക്ക് തലവേദനയാകുന്നത്. നിതീഷ് ഇന്ത്യസഖ്യത്തിനൊപ്പം പോകുമെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറയുന്നുണ്ട്. അതേസമയം, തങ്ങൾ എൻ.ഡി.എ.യിൽ തുടരുമെന്നാണ് ജെ.ഡി.യു. വക്താവ് കെ.സി. ത്യാഗി ചെവ്വാഴ്ച അറിയിച്ചത്.