ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പഴയ ചമ്പാരൻ മട്ടൻ കറി പാചക വീഡിയോ വിവാദം വീണ്ടും പ്രചാരണത്തിൽ കുത്തിപ്പൊക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023 ലെ സംഭവമാണ് മോദി വീണ്ടും ഉദ്ധംപൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിച്ചത്.

2023 സെപ്റ്റംബറിൽ ലാലു പ്രസാദ് യാദവിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദമായ പാചകം. ബിഹാറിന്റെ പ്രശസ്ത വിഭവമായ ചമ്പാരൻ മട്ടൺ എങ്ങനെ പാചകം ചെയ്യാമെന്ന് ലാലു പ്രസാദ് യാദവ് പഠിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ശ്രാവണ മാസത്തിൽ മട്ടൻ കറി രാഹുൽ ഹിന്ദു വിശ്വാസികളെ അപമാനിച്ചു എന്നാണ് മോദി ആരോപിച്ചത്.

രാഹുൽ ഗാന്ധിയും തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്റെ വീഡിയോ ഇട്ടത് വിശ്വാസികളെ അപമാനിക്കാനാണ്. ശ്രാവണ മാസത്തിലെ മട്ടൻ കറി പാചകം മുഗളന്മാരുടെ മാനസികാവസ്ഥയാണ്. ഇത് ആരെ സന്തോഷിപ്പിക്കാനാണ്? ഹിന്ദുക്കൾ ഉപവാസം അനുഷ്ഠിക്കുന്ന സമയങ്ങളിൽ വീഡിയോ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉധംപൂരിലെ റാലിയിൽ മോദി ഹിന്ദു വികാരം ഉയർത്താൻ ശ്രമിച്ചത്.

തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോ പുറത്തു വന്നത് ചൂണ്ടിക്കാട്ടിയ മോദി നവരാത്രി സമയത്ത് ഈ വീഡിയോ നല്കിയത് വിശ്വാസികളെ വ്രണപ്പെടുത്താനാണെന്ന് പറഞ്ഞു. എന്താഹാരം കഴിക്കുന്നു എന്നത് ഓരോരുത്തരുടെയും അവകാശമാണെന്നും എന്നാൽ, ചിലർ ഇത്തരം വീഡിയോകൾ നല്കുന്നത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നതിനെതിരെയും മോദി ആഞ്ഞടിച്ചു. കഴിഞ്ഞ എഴുപതുകൊല്ലവും കോൺഗ്രസ് ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തിയെന്നും മോദി ആരോപിച്ചു.

ഇതിനിടെ, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മോദി പ്രചാരണ വിഷയമാക്കി. കോൺഗ്രസ് അധികാരം കൊണ്ട് ജമ്മു കാശ്മീരിൽ 370 എന്ന മതിൽ തീർത്തെന്നും, ആ മതിൽ താൻ തകർത്തെന്നും മോദി ഉദ്ധംപൂരിലെ റാലിയിൽ പറഞ്ഞു. ജനങ്ങൾ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലാണ്. കോൺഗ്രസോ പ്രതിപക്ഷ പാർട്ടികളോ സംസ്ഥാനത്ത് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പറയാൻ താൻ വെല്ലുവിളിക്കുമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ജമ്മുകാശ്മീരിന് വൈകാതെ സംസ്ഥാന പദവി ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.