ന്യൂഡൽഹി: അടുത്ത സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ, പ്രതിപക്ഷത്തിന് എതിരെ അങ്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തിയതോടെ, മോദിയുടെ പ്രഖ്യാപനം കൊള്ളേണ്ടിടത്തുകൊണ്ടു എന്നതും വ്യക്തമായി.

മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്ന് തന്നെയാണ് മോദി അർഥശങ്കയില്ലാതെ വ്യക്തമാക്കിയത്. ഞങ്ങളുടെ 'സർക്കാർ ഇപ്പോൾ തറക്കല്ലിടുന്ന പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും. നിങ്ങൾ കുറിച്ച് വെച്ചോ, ഈ ദിനങ്ങളിൽ ഞാൻ ഇടുന്ന തറക്കല്ലിന് ഉദ്ഘാടനം നിർവഹിക്കുന്നതും എന്റെ നിയോഗമായിരിക്കും'-പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടത്തുമെന്നും അടുത്ത വർഷം ചെങ്കോട്ടയിൽ വന്ന് നിന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി ഖാർഗെ ഉടനെത്തി. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം അദ്ദേഹത്തിന് വീട്ടിൽ പതാക ഉയർത്താമെന്നും ഖാർഗെ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ ഉയർത്തിയത്. നിങ്ങളെ വിജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും ജനങ്ങളുടെ കൈകളിലാണ്, വോട്ടർമാരുടെ കൈകളിലാണ്. 2024ലും പതാക ഉയർത്തുമെന്ന് പറഞ്ഞത് അഹങ്കാരമാണ്. അടുത്ത വർഷവും അദ്ദേഹം പതാക ഉയർത്തും, അത് പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും -ഖാർഗെ പറഞ്ഞു.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ ഖാർഗെ പങ്കെടുത്തിരുന്നില്ല. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നവും വീട്ടിൽ ത്രിവർണപ്പതാക ഉയർത്താൻ ഉണ്ടായിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്. എന്നാൽ കോൺഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ ഖാർഗെ എത്തിയിരുന്നു.

ഖാർഗെയ്ക്ക് മറുപടി നൽകാൻ ബിജെപിയും വൈകിയില്ല. ഖാർഗെയുടെ ഇന്നത്തേത് പോലുള്ള അവകാശവാദങ്ങൾ കോൺഗ്രസ് നേരത്തെയും നടത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ' 2014 ലും കോൺഗ്രസ് ഇതുതന്നെ പറഞ്ഞു. കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ അധികാരത്തിലെത്തി. 2019 ലും ഇതുതന്നെ കോൺഗ്രസ് പറഞ്ഞു. സമ്പൂർണ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി മോദി തിരിച്ചെത്തി. കോൺഗ്രസ് പറയുന്നത് പ്രകാരമല്ല, പ്രധാനമന്ത്രിക്ക് വോട്ടുകൾ കിട്ടുന്നത്', മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രിക്ക് എതിരെ മൗത് കി സൗദാഗർ( മരണത്തിന്റെ വ്യാപാരി) തുടങ്ങിയ അധിക്ഷേപങ്ങളും കോൺഗ്രസ് നേതാക്കൾ ചൊരിഞ്ഞത് അനുരാഗ് ഠാക്കൂർ ഓർമ്മിപ്പിച്ചു. ബിജെപിക്ക് വോട്ടുചെയ്യുന്നവർക്ക് രാക്ഷസീയ പ്രവണതയുണ്ടെന്ന കോൺഗ്രസ് പരാമർശവും അദ്ദേഹം എടുത്തുപറഞ്ഞു. ' കോൺഗ്രസുകാർ രാക്ഷസരെന്ന് വിളിക്കുന്നവരെ ഞങ്ങൾ ദൈവങ്ങളായാണ് കരുതുന്നത്. വോട്ടർമാർ ദരിദ്രകുടുംബാംഗമായ പുത്രനെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ച് അനുഗ്രഹിച്ചു. ഗമാണ്ഡിയ സഖ്യത്തിന്റെ അഹങ്കാരത്തെ ജനങ്ങൾ വീണ്ടും തകർക്കും, അദ്ദേഹം പറഞ്ഞു.