ഭോപ്പാൽ: മധ്യപ്രദേശിൽ സസ്‌പെൻസ് തീർന്നു. പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തിരഞ്ഞെടുത്തു. മുൻഉന്നതവിദ്യാഭ്യാസ മന്ത്രിയാണ്. ഉജ്ജെയിൻ ദക്ഷിൺ സീറ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ചത് പോലെ ശിവരാജ് സിങ് ഔട്ടായി. സഭി കോ രാം രാം പറഞ്ഞ ചൗഹാൻ ഉദ്ദേശിച്ചത് വിടവാങ്ങൽ തന്നെയെന്നും വ്യക്തമായി. നേരത്തെ നാലുവട്ടം മുഖ്യമന്ത്രിയായ നേതാവാണ് ശിവരാജ് സിങ് ചൗഹാൻ. ബിജെപി നിയമസഭാ കക്ഷിയോഗം ചേർന്നാണ് പുതിയ തീരുമാനമെടുത്തത്.

മൂന്നുതവണ ഉജ്ജെയിനിൽ നിന്ന് എംഎൽഎ ആയ പ്രമുഖ ഒബിസി വിഭാഗം നേതാവാണ് മോഹൻ യാദവ്( 58). 2013ലാണ് മോഹൻ യാദവ് ദക്ഷിണ ഉജ്ജയിനിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 2020-ൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാരിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ സ്ഥാനമോഹികളെ അടക്കി നിർത്താൻ കൂടി ലക്ഷ്യമിട്ട് രണ്ട് ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജഗ്ദീഷ് ദേവ്‌റയും, രാജേഷ് ശുക്ലയും.

മുൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് നിയമസഭാ സ്പീക്കർ. കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ തോമർ, ചൗഹാന് പകരം മുഖ്യമന്ത്രിയാകുമെന്നാണ് നേരത്തെ ഊഹാപോഹങ്ങൾ പരന്നിരുന്നത്. ഏതായാലും, ചൗഹാന് ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ രാഷ്ട്രീയ വഴി തൽക്കാലം അവസാനിച്ചിരിക്കുകയാണ്.

ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാരുടെ യോഗം. മുൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമർ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്.

'ഞാൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്. സംസ്ഥാന നേതൃത്വത്തിനോടും കേന്ദ്ര നേതൃത്വത്തിനോടും എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹത്തോടും പിന്തുണയോടും കൂടി എന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കും.'- മോഹൻയാദവ് പറഞ്ഞു.

ഉജ്ജെയിൻ സൗത്തിൽ 12,941 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോൺഗ്രസിന്റെ ചേതൻ പ്രേംനാരായൺ യാദവിനെയാണ് മോഹൻ യാദവ് തോൽപ്പിച്ചത്. 2020 ൽ ശിവരാജ് സിങ് ചൗഹാന്റെ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആയതോടെയാണ്  മോഹൻ യാദവിന്റെ സ്വാധീനം സംസ്ഥാനത്ത് വളർന്നത്.

നവംബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 66 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.