ഹൈദരാബാദ്: കർണാടക മോഡലിൽ അധികാരം പിടിക്കാൻ ജനകീയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ആറിന വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തുവന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

മഹാലക്ഷ്മി സ്‌കീമിന്റെ കീഴിൽ സ്ത്രീകൾക്ക് മാസം 2,500 രൂപവീതം ധനസഹായം നസൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. തെലങ്കാന സ്റ്റേറ്റ് ആർടിസിയിലെ ബസുകളിൽ സംസ്ഥാനമൊട്ടാകെ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നൽകും. കർഷകർക്ക് പ്രതിവർഷം 15,000 രൂപവീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും ധനസഹായം നൽകുമെന്നും സോണിയ പ്രഖ്യാപിച്ചു.

അതേസമയംം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഘട്ടത്തിൽ, ബിജെപി ഒരുക്കുന്ന കെണികളിൽ ചെന്നു ചാടരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധിയും രംഗത്തുവന്നു. നേതാക്കൾ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്രപരമായ വ്യക്തതയുണ്ടാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം

ശനിയാഴ്ച നേതാക്കളെ വിളിപ്പിച്ച രാഹുൽ ഗാന്ധി ആദർശപരമായ വ്യക്തത ഉണ്ടാകണമെന്നും ബിജെപിയുടെ തന്ത്രങ്ങളിൽ കുടുങ്ങരുതെന്നും നിർദ്ദേശിച്ചെന്നു പവൻ ഖേര പറഞ്ഞു. സാധാരണ ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളിൽ ചെന്നുചാടരുതെന്നായിരുന്നു രാഹുലിന്റെ നിർദ്ദേശം. ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളും ചെന്നുചാടുകയാണെന്നും അത്തരം അപകടങ്ങളിൽ വീഴരുതെന്നും രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി പവൻ ഖേര വിശദീകരിച്ചു.

സനാതന ധർമത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമാവുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയും ചെയ്യുന്നതിനിടെയാണു രാഹുൽ ഗാന്ധിയുടെ നിർേദശം. ഇത്തരം വിഷയങ്ങളിൽനിന്നും പാർട്ടി അകന്നുനിൽക്കണമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങും പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

ലോക്സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹൈദരാബാദിൽ വിശാല പ്രവർത്തകസമിതി യോഗം ചേർന്ന് കോൺഗ്രസ് പദ്ധതികൾ ആസൂത്രണം ചെയത്ിരുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോൺഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോൺഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിൽ പറഞ്ഞു.

'ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോൺഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോൺഗ്രസിൽ അധിഷ്ഠിതമാണ്. ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാർഷികമാണ് 2024-ൽ. അടുത്തവർഷം ബിജെപി.യെ അധികാരത്തിൽനിന്ന് പുറത്താക്കുന്നത് മഹാത്മാ ഗാന്ധിക്കു നൽകുന്ന യഥാർഥ ആദരവായിരിക്കും'- ഖാർഗെ പറഞ്ഞു.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കാനും ബിജെപി.യുടെ പോരായ്മകളും ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടാനും ഖർഗെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ, പാർട്ടി അധ്യക്ഷന്മാർ തുടങ്ങിയവർ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്തു.