ന്യൂഡൽഹി: ബിജെപി. സ്ഥാപകദിനത്തിൽ പാർട്ടിയുടെ 2024 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമ മോദി. പ്രതിപക്ഷം സാമൂഹിക നീതിയെക്കുറിച്ച് കാമ്പില്ലാതെ സംസാരിക്കുമ്പോൾ ബിജെപി. ഓരോ ഇന്ത്യക്കാരനെയും സഹായിക്കുന്നതിനായി അദ്ധ്വാനിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാർട്ടികൾ വെറുപ്പുനിറഞ്ഞ മനസുമായി കള്ളത്തിനുമേൽ കള്ളം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ജനങ്ങളെ നിരാശയിലേയ്ക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് അധികാരം ജന്മാവകാശമായി കരുതുന്നു. ജനങ്ങളെ അടിമകളായി കാണുന്നു. പിന്നാക്കക്കാർക്കും പാവപ്പെട്ടവർക്കുംവേണ്ടി ബിജെപി സർക്കാർ നടപ്പാക്കുന്ന പദ്ധതികളെ പരിഹസിക്കുന്നു. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഹനുമാനെപ്പോലെയാണ് ഇപ്പോൾ ഇന്ത്യയെന്നും മോദി പറഞ്ഞു

പ്രതിപക്ഷം വളരെ നിരാശയിലാണ്. പക്ഷേ, 2024-ൽ ബിജെപിയെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല. മോദിയുടെ കുഴിമാടം ഒരുങ്ങിയെന്ന കോൺഗ്രസ് മുദ്രാവാക്യം ഒരിക്കൽക്കൂടി പരാമർശിച്ചു കൊണ്ടായിരുന്നു പ്രസംഗം. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികൾ എന്നിവയ്ക്കെതിരേ കടുത്ത രീതിയിൽ ബിജെപി. പോരാടുമെന്നും അദ്ദേഹം അറിയിച്ചു. ഹനുമാനാണ് ഇതിനു പിന്നിലെ ധൈര്യമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ ഇന്ന് ഹനുമാനെപ്പോലെ വെല്ലുവിളികളെ കൂടുതൽ കരുത്തോടെ നേരിടാൻ സജ്ജമാണ്. ഹനുമാനിൽനിന്ന് പ്രചോദനമുൾക്കൊണ്ടവരാണ് തങ്ങളുടെ പാർട്ടി. ഹനുമാനെപ്പോലെ ചില സമയങ്ങളിൽ തങ്ങൾക്ക് കർക്കശക്കാരാവാനും കഴിയും. എന്നാൽ തങ്ങൾ വിനയവും അനുകമ്പയുമുള്ളവർ കൂടിയാണെന്നും മോദി പറഞ്ഞു.

നിശ്ചയദാർഢ്യവും എല്ലാം ചെയ്യാൻ കഴിയുമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. വലിയ സ്വപ്നങ്ങൾ കാണുകയും അവ നിറവേറ്റാൻ വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യുക എന്നതാണ് ബിജെപി.യുടെ രാഷ്ട്രീയ സംസ്‌കാരം. അതേസമയം, കോൺഗ്രസും സഖ്യകക്ഷികളും വളരെ ശുഷ്‌കമായി ചിന്തിക്കുന്നവരും അഴിമതിയിലും കുടുംബവാഴ്ചയിലും മുങ്ങിപ്പോയവരുമാണെന്നും മോദി കുറ്റപ്പെടുത്തി.

നിലനിൽപ്പിനായി പോരാടുന്ന പാർട്ടികൾ നമുക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടേയിരിക്കുമെന്നും, എന്നാൽ പാവപ്പെട്ടവരും ദരിദ്രരും ദലിതരും ആദിവാസികളും 'താമരയെ' സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കായി ബിജെപി രാവും പകലും പ്രവർത്തിക്കുന്നു, ഞങ്ങളുടെ പാർട്ടി മാ ഭാരതിക്ക് സമർപ്പിക്കുന്നു. ജനാധിപത്യം എന്ന ആശയത്തിൽ നിന്നാണ് ബിജെപി പിറന്നത്. അഴിമതിക്കെതിരെ പോരാടാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരുടെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാണ് നരേന്ദ്ര മോദി സംസാരിച്ചത്. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികൾ എന്നിവയ്ക്കെതിരെ പോരാടാൻ ബിജെപി ദൃഢനിശ്ചയം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ, പ്രധാനമന്ത്രി അന്നയോജനും ജൻധൻ യോജനയും മറ്റ് പദ്ധതികളിലൂടെയും കോടിക്കണക്കിന് ആളുകൾക്ക് ബിജെപി ആനുകൂല്യങ്ങൾ നൽകുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. 'രാജ്യം ആദ്യം' എന്ന മന്ത്രം ഞങ്ങൾ മുദ്രാവാക്യമാക്കി. 'സബ്കാ സത്, സബ്കാ വികാസ്, സബ്ക വിശ്വാസ്, സബ്ക പ്രയാസ്' (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന മന്ത്രവുമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാവൽക്കാരുടെ മാത്രം മാറ്റമല്ലെന്നും രാജ്യം വീണ്ടും ഉയരുന്നത് കാണാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ ആഹ്വാനമാണെന്നും മോദി പറഞ്ഞു. ചില ആളുകളുടെ രാജകീയ ചിന്താഗതികൾ ജനങ്ങളെ അവരുടെ അടിമകളായി കണക്കാക്കുന്നു. 2014 ൽ ഇങ്ങനെ അടിച്ചമർത്തപ്പെട്ടവർ ശക്തമായി പ്രതികരിച്ചു. അവരുടെ ചിന്താഗതികളെ നിരാകരിച്ചു. അവർക്ക് വിജയിക്കാൻ കഴിയാതെ വന്നപ്പോൾ, രാജവാഴ്ചയുള്ള ഈ ആളുകൾക്കിടയിൽ വിദ്വേഷം കൂടുതൽ വർധിച്ചുവെന്ന് മോദി പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)