- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാബിനറ്റ് പദവി കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം
ന്യൂഡൽഹി: ക്യാബിനറ്റ് മന്ത്രി പദവി നൽകാത്തതിനെ ചൊല്ലി എൻഡിഎയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എൻ സി പി അജിത് പവാർ പക്ഷം. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതാണ് എൻ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബിജെപി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻ സി പി വ്യക്തമാക്കിയിരിക്കുകയാണ്.
' കഴിഞ്ഞ ദിവസം രാത്രി ഞങ്ങളുടെ പാർട്ടിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നൽകുമെന്നാണ് അറിയിപ്പ് വന്നത്. ഞാൻ നേരത്തെ കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. അതുകൊണ്ട് ഇതെനിക്ക് തരംതാഴ്‌ത്തലായിരിക്കും. ഞങ്ങൾ ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസം കാത്തിരിക്കണമെന്നും പരിഹാരമുണ്ടാമെന്നുമാണ് അവർ പ്രതികരിച്ചത്', പ്രഫുൽ പട്ടേൽ പറഞ്ഞു.
മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ സി പി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എം പി യും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻ സി പി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് തുടങ്ങുക.രണ്ടാം മോദി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും തുടരുന്നുണ്ട്. അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്കരി, മൻസൂഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ലാദ് ജോഷി, കിരൺ റിജ്ജു, സി.ആർ പാട്ടീൽ, എൽ. മുരുഗൻ, ഹർദീപ് പുരി, എം.എൽ ഖട്ടാർ, ശിവരാജ് ചൗഹാൻ, ഗജേന്ദ്ര ശെഖാവത്, ജിതിൻ പ്രസാദ തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.