ന്യൂഡൽഹി: എത്രയും വേഗം സർക്കാർ രൂപീകരിക്കണമെന്ന സന്ദേശമാണ് ജെഡിയു നേതാവും, ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബുധനാഴ്ച എൻഡിഎ യോഗത്തിൽ നൽകിയത്. ടിഡിപി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു, ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ, എൽജെപി( രാംവിലാസ് പാസ്വാൻ) നേതാവ് ചിരാഗ് പാസ്വാൻ എന്നീ പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തത്.

വെള്ളിയാഴ്ച എംപിമാരുടെ യോഗത്തിന് ശേഷം എൻഡിഎ നേതാക്കൾ ഒന്നിച്ച് രാഷ്ട്രപതിയെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. 240 സീറ്റ് നേടിയ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെ, മൂന്നാം വട്ടം സർക്കാർ രൂപീകരിക്കാൻ, സഖ്യകക്ഷികളുടെ പിന്തുണ കൂടിയേ തീരു. എന്നാൽ, പിന്തുണയ്ക്ക് പകരമായി സഖ്യ കക്ഷികൾ ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം അവ ഇങ്ങനെയാണ്:

തെലുഗുദേശം പാർട്ടി

ആന്ധ്രപ്രദേശിൽ ബിജെപിയുമായി കൈകോർത്ത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാടിയ ചന്ദ്രബാബു നായിഡു തെലുഗുദേശത്തിനായി ലോക്‌സഭാ സ്പീക്കറുടെ പദവിയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തീരുന്നില്ല. ഏഴുമുതൽ എട്ട് വരെ ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം, ഒരു സഹമന്ത്രി സ്ഥാനം എന്നിവയിലും നായിഡു കണ്ണുവയ്ക്കുന്നു. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, ഭവന നിർമ്മാണ-നഗരകാര്യം, കൃഷി, ജൽശക്തി, ഐടി ആൻഡ് കമ്യൂണിക്കേഷൻസ്, വിദ്യാഭ്യാസം, ധനകാര്യം( സഹമന്ത്രി പദവി) എന്നിവയാണ് നായിഡു ആവശ്യപ്പെടുന്നതെന്നാണ് സൂചന.

ടിഡിപിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും( 16 അസംബ്ലി സീറ്റ്, 2 ലോക്‌സഭാ സീറ്റ്) കേന്ദ്രസർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കും.

ജനതാദൾ യുണൈറ്റഡ്( ജെഡിയു)

പലപ്പോഴും കിങ് മേക്കർ എന്നറിയപ്പെടുന്ന നിതീഷ് കുമാറും വിലപേശലിന് മോശമല്ല. ജെഡിയും മൂന്നു ക്യാബിനറ്റ് പദവികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജെഡിയുവിനെ ഇന്ത്യ സഖ്യത്തിലേക്ക് വിളിക്കുന്നുണ്ടെന്നും, എന്നാൽ, തങ്ങൾ എൻഡിഎയിൽ തന്നെ തുടരുമെനനും ജെഡിയു നേതാവ് വിജയ് കുമാർ ചൗധരി നേരത്തെ പറഞ്ഞിരുന്നു. ജെഡിയു ബിഹാറിലെ 40 ലോക്‌സഭാസീറ്റിൽ, 12 എണ്ണം നേടി.

ലോക്ജനശക്തി പാർട്ടി

എൽജെപി് ഒരു ക്യാബിനറ്റ് പദവിയും, ഒരു സഹമന്ത്രി പദവിയും ആവശ്യപ്പെടുന്നു.ബിഹാറിൽ തങ്ങൾക്ക് കിട്ടിയ അഞ്ചുസീറ്റും നേടിയാണ് എൽജെപി കരുത്ത്് തെളിയിച്ചത്.

ഹിന്ദുസ്ഥാൻ ആവാം മോർച്ച എച്എഎം( എസ്) അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചിയും ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടുന്നു. മുൻ ബിഹാർ മുഖ്യമന്ത്രിയായ മാഞ്ചി ഗയയിൽ നിന്നുള്ള സീറ്റിലാണ് ഇതാദ്യമായി പാർലമെന്റിലേക്ക് എത്തുന്നത്.

ജനതാദൾ സെക്കുലർ( എസ്)

എച് ഡി കുമാരസ്വാമിക്ക് കണ്ണ് കൃഷി വകുപ്പിലാണെന്ന് പറയുന്നു. എന്നാൽ, താൻ അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും, കർണാടയ്ക്ക് ക്യാബിനറ്റ് പദവി നൽകുന്ന കാര്യത്തിൽ മോദി തീരുമാനമെടുക്കും എന്നുമാണ് കുമാരസ്വാമി പ്രതികരിച്ചത്. കർണാടകയിൽ ബിജെപി 17 സീറ്റിലും ജെ ഡി എസ് രണ്ടു സീറ്റിലുമാണ് ജയിച്ചത്.

ശിവസേന

പ്രധാനമന്ത്രിക്ക് പിന്തുണ വാഗ്ദാനം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രി പദവിയുമാണ് മോഹിക്കുന്നത്. ഏഴ് സീറ്റ് നേടിയ ശിവസേന ഷിൻഡെ വിഭാഗത്തെ കേന്ദ്രത്തിൽ ബിജെപിയുടെ നിർണായക സഖ്യകക്ഷിയായാണ് കണക്കാക്കുന്നത്.