- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദം ശക്തമാക്കി ടിഡിപി
ന്യൂഡൽഹി: ഭരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത ബിജെപിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ഘടക കക്ഷികൾ. സ്പീക്കർ സ്ഥാനം അടക്കം വേണമെന്ന നിലപാടിലാണ് ടിഡിപി. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. സ്പീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.
അതേസമയം അർഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയിൽ വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അഗ്‌നിവീർ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിർദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്. അതിനിടെ ഇന്ന് എൻഡിഎ എംപിമാരുടെ യോഗം ഡൽഹിയിൽ ചേരും. പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. യോഗത്തിൽ നരേന്ദ്ര മോദിയെ പാർലമെന്റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്മാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.
യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നല്കും. ഞായറാഴ്ചയാണ് ഡൽഹിയിൽ സത്യപ്രതിജ്ഞ നടക്കുന്നത്. കേന്ദ്ര മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മാരത്തൺ ചർച്ചകളാണ് ന്യൂഡൽഹിയിൽ വ്യാഴാഴ്ചയും നടന്നത്. മുതിർന്നനേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവർ ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ യോഗംചേർന്നു.
ഘടകകക്ഷികളുമായി ചർച്ചകൾ നടത്താൻ നരേന്ദ്ര മോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കളുമായി ഇവർ ടെലിഫോൺചർച്ചകൾ ആരംഭിച്ചു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും അശ്വിനി വൈഷ്ണവും രണ്ടുദിവസമായി ചന്ദ്രബാബു നായിഡുവുമായി ചർച്ചനടത്തി വരുകയാണ്. ചർച്ചകളുടെ വിശദാംശങ്ങൾ ധരിപ്പിക്കാനായി വൈകീട്ട് ഏഴരയോടെ നേതാക്കൾ മോദിയുമായി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം ഘടകകക്ഷി നേതാക്കളുമായി പ്രധാനമന്ത്രിയും മുതിർന്നമന്ത്രിമാരും നടത്തുന്ന ചർച്ചയിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ധാരണയുണ്ടാകുമെന്ന് ബിജെപി. നേതാക്കൾ പറഞ്ഞു. സഖ്യകക്ഷികൾ പുരോഗമനകാംക്ഷികളാണെന്നും മോദിയുടെ നേതൃത്വത്തിൽ അവർക്ക് വിശ്വാസമുണ്ടെന്നും പിയൂഷ് ഗോയൽ പ്രതികരിച്ചു.
കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അയൽരാജ്യങ്ങളുടെ ഭരണാധികാരികൾ എത്തും. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹൽ പ്രചണ്ഡ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോഗ്ബെ, പ്രധാനമന്ത്രി പ്രവിന്ദ് ജുഗന്നാഥ് എന്നിവർക്കുപുറമേ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ക്ഷണിച്ചിട്ടുണ്ട്. ഔപചാരിക ക്ഷണപത്രം വെള്ളിയാഴ്ച നൽകും.
മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുമ്പോളും മുന്നണിക്കുള്ളിൽ വിലപേശൽ തുടരുന്നു. നിരുപാധിക പിന്തുണയാണെന്ന് പറയുമ്പോളും പ്രധാനഘടകക്ഷികളായ ടി.ഡി.പി.യും ജെ.ഡി.യു.വും ഉന്നയിക്കുന്ന ആവശ്യങ്ങൾ ബിജെപി.ക്ക് പൂർണമായി സ്വീകാര്യമല്ല. എന്നാൽ, സ്ഥാനമാനങ്ങൾ തമ്മിൽ തർക്കങ്ങളില്ലെന്ന് ഘടകകക്ഷി നേതാക്കൾ ആവർത്തിക്കുന്നുണ്ട്.
അതേസമയം, ഏക സിവിൽകോഡ് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചനടത്തി സമവായമുണ്ടാക്കണമെന്നും അഗ്‌നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ജെ.ഡി.യു. പറഞ്ഞു. ഏക സിവിൽ കോഡിനോട് പാർട്ടിക്ക് എതിർപ്പില്ലെന്നും നേതാവ് കെ.സി. ത്യാഗി അഭിപ്രായപ്പെട്ടു.
അതേസമയം പ്രതിരോധം, ആഭ്യന്തരം, റെയിൽവേ, ധനകാര്യം തുടങ്ങിയ വകുപ്പുകൾ ബിജെപി. തന്നെ കൈവശംവെക്കും. കൃഷി, ഗ്രാമവികസനം, നഗരവികസനം, ജലശക്തി തുടങ്ങിയ വകുപ്പുകളിൽ മൂന്നുവീതം കാബിനറ്റ് മന്ത്രിപദങ്ങളും ഒരു സഹമന്ത്രിസ്ഥാനവും ഇരുപാർട്ടികൾക്കും നൽകാമെന്നാണ് ബിജെപി.യുടെ നിർദ്ദേശം. ഇതു സംബന്ധിച്ച് രണ്ടുപാർട്ടികളും പ്രതികരിച്ചിട്ടില്ല.
പ്രതിരോധം, ആഭ്യന്തരം, കൃഷി, റെയിൽവേ, ഗതാഗതം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിൽ കാബിനറ്റ് മന്ത്രി പദങ്ങളും സഹമന്ത്രിസ്ഥാനങ്ങളും ആന്ധ്ര, ബിഹാർ സംസ്ഥാനങ്ങൾക്ക് പ്രത്യേകപദവിയുമാണ് ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും ആവശ്യം. സ്പീക്കർ സ്ഥാനവും ടി.ഡി.പി. ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.