- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മൂന്നാം വട്ടം അധികാരമേറ്റ എൻഡിഎ സർക്കാർ വളരെ ദുർബലമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിജീവനത്തിനായി വെല്ലുവിളികൾ നേരിടും. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ, എൻഡിഎയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആ കക്ഷിയുടെ പേര് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായില്ല.
ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നതോടെ, ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വന്മാറ്റം സംഭവിച്ചിരിക്കുകയാണ്. ഏറ്റവും ചെറിയ അസ്വാരസ്യം പോലും സർക്കാരിനെ വീഴ്‌ത്താം. മോദി ക്യാമ്പിനുള്ളിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. 2014 ലും, 2019 ലും നരേന്ദ്ര മോദിയെ സഹായിച്ച ഘടകം ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ഭരണ മുന്നണി വല്ലാതെ ബുദ്ധിമുട്ടും.
മോദി എന്ന ആശയത്തിനും മോദിയുടെ പ്രതിച്ഛായയ്ക്കും കോട്ടം സംഭവിച്ചുകഴിഞ്ഞു. വിദ്വേഷവും, കോപവും വ്യാപകമായി പടർത്തി നേട്ടം കൊയ്യാമെന്ന ആശയം ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞു. കഴിഞ്ഞ 10 വർഷം അയോധ്യയെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പാർട്ടിയെ അയോധ്യയിൽ നിന്ന് തുടച്ചുനീക്കി. മതവിദ്വേഷം പരത്തുക എന്ന ബിജെപിയുടെ മൗലിക ആശയം തകർന്നുകഴിഞ്ഞു, രാഹുൽ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്കെതിരെ കരുത്തുറ്റ പോരാട്ടമാണ് നടത്തിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ ബിജെപി. 240 സീറ്റിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ ഭരണത്തിലുള്ള എൻ.ഡി.എ. സഖ്യം വളരെ കഷ്ടപ്പെടും. കാരണം, 2014-ലും 2019-ലും നരേന്ദ്ര മോദിയെ സഹായിച്ച ഘടകം ഇപ്പോൾ ഇല്ല', രാഹുൽ പറഞ്ഞു.
ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങി സകല സംവിധാനങ്ങളും പ്രതിപക്ഷത്തിനുമുന്നിൽ വാതിലടച്ചു. അതിനാൽ ഞങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി. ഭാരത് ജോഡോ യാത്രകളിൽനിന്ന് ലഭിച്ച ഒട്ടേറെ ആശയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അതെല്ലാം ഞങ്ങളുടെ ആശയങ്ങളായിരുന്നില്ല, ജനങ്ങളിൽ നിന്ന് ലഭിച്ചതാണ്', രാഹുൽ ഗാന്ധി പറഞ്ഞു. കൈകൾ പിന്നിൽ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഇന്ത്യൻ ജനതയ്ക്ക് പാവപ്പെട്ട ആളുകൾക്ക് ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.