ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 293 സീറ്റ് നേടിയ എൻഡിഎ ശനിയാഴ്ച സർക്കാർ രൂപീകരിക്കും. നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നുചേർന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗം മോദിയെ നേതാവായി തിരഞ്ഞെടുത്തു. തെലുഗുദേശം നേതാവ് ചന്ദ്ര ബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും, സർക്കാർ രൂപീകരണത്തെ പിന്തുണയ്ക്കുന്ന രേഖാമൂലമുള്ള കത്ത് ബിജെപിക്ക് കൈമാറി.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും, സർക്കാർ രൂപീകരണം ചർച്ച ചെയ്യാനുമാണ് മോദിയുടെ വസതിയിൽ എൻഡിഎ നേതാക്കൾ ഒത്തുചേർന്നത്. ഇന്നുതന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുമാറ്റി വച്ചു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.

സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ജെപി നഡ്ഡയ്ക്ക് ഏക്‌നാഥ് ഷിന്ദെയുടെ ശിവസേന കത്ത് കൈമാറിയിട്ടുമുണ്ട്. ടിഡിപി, ജെഡിയു, പവൻ കല്യാണിന്റെ ജന സേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. തങ്ങൾ എൻഡിഎയിൽ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിൽ 16-ലും വിജയം ടിഡിപിക്ക് ആയിരുന്നു. ബിഹാറിൽ 40-ൽ 12 സീറ്റിലാണ് ജെഡിയുവിന്റെ വിജയം. 2014-ൽ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ൽ ഇത് 303 ആയി ഉയർന്നു. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവ്. മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.

ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദിയും അമിത് ഷായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള ഘടകകക്ഷികളെ ഫോണിൽ വിളിച്ചിരുന്നു. ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനാണ് ശ്രമം. എൻഡിഎയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നായിഡു വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിതീഷ്‌കുമാറും നായിഡുവും കൂടുതൽ സ്ഥാനമാനങ്ങൾക്കായി ബിജെപിക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതൽ മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കേന്ദ്രസർക്കാർ രൂപീകരണം അടക്കമുള്ള വിഷയത്തിൽ തുടർനടപടി ആലോചിക്കാനായി ഇന്ത്യാ മുന്നണി യോഗവും ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലെത്തി. നിതീഷ് തേജസ്വിക്കൊപ്പം വിമാന യാത്ര നടത്തുന്ന ദൃശ്യം പുറത്തുവന്നു.

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ ശരദ് പവാറടക്കമുള്ള നേതാക്കൾ ശ്രമിച്ചുവെന്ന് നേരത്തെ മുതൽ അഭ്യൂഹമുയർന്നിരുന്നു. അതേസമയം, ജെഡിയു ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാറിന്റെ അടുത്ത അനുയായി കെ.സി. ത്യാഗി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.