- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച രമൺ സിങ്ങിനെ തള്ളി വിഷ്ണുദേവ് സായി വന്നതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി നേതാക്കൾക്ക് നെഞ്ചിടിപ്പേറി; എംഎൽഎമാരുടെ യോഗം വിളിച്ച് വസുന്ധര ശക്തിപ്രകടനം നടത്തുമ്പോൾ പിന്നണിയിൽ നിന്ന് ലോബിയിങ് നടത്തി ചൗഹാൻ; മധ്യപ്രദേശിൽ ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും ശ്രുതി
ന്യൂഡൽഹി: മുതിർന്ന ഗോത്രവിഭാഗം നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് മൂന്നുസംസ്ഥാനങ്ങളിൽ ഒന്നിലെ സസ്‌പെൻസ് ബിജെപി അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും, മധ്യപ്രദേശിലേക്കും. രാജസ്ഥാനിലേക്കുമാണ്. മധ്യപ്രദേശിലെ നിയമസഭാ കക്ഷിയോഗം തിങ്കളാഴ്ചയും, രാജസ്ഥാനിലേത് ചൊവ്വാഴ്ചയും ആണെന്ന് ബിജെപി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
മൂന്നുസംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ മനസ്സിലിരുപ്പ് എന്നതുകൊണ്ടാണ് സസ്‌പെൻസ് കൂടിയത്. മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന് പകരം വിഷ്ണു ദേവ് സായിയെ ഛത്തീസ്‌ഗഡിൽ തലപ്പത്തേക്ക് തിരഞ്ഞെടുത്തതോടെ, അതുകൂടുതൽ വ്യക്തമായി.
അതേസമയം, രാജസ്ഥാനിൽ വസുന്ധര രാജെയും, മധ്യപ്രദേശിൽ, ശിവരാജ് സിങ് ചൗഹാനും മുഖ്യമന്ത്രിമാരാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഇരുവരും തങ്ങളുടേതായ രീതിയിൽ ലോബിയിങ് നടത്തുന്നുമുണ്ട്. ഈയാഴ്ച ആദ്യം രാജെ ഡൽഹിക്ക് പറന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയെ കണ്ടിരുന്നു. അതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട 60 എംഎൽഎമാരുടെ യോഗം തന്റെ വസതിയിൽ വിളിച്ചുകൂട്ടി, കേന്ദ്ര നേതൃത്വത്തിന് തന്റെ സന്ദേശം നൽകുകയും ചെയ്തു. ഞായറാഴ്ച ചില എംഎൽഎമാർ രാജെയെ അവരുടെ വസതിയിൽ എത്തി കാണുകയും ചെയ്തു. അജയ് സിങ്ങും, ബാബുസിങ്ങും അടക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണ് എത്തിയത്. ഇതിന്റെ വ്യക്തമായ അർഥം രാജെയെ പിണക്കിയാൽ, രാജസ്ഥാനിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നാണ്.
അതേസമയം, മധ്യപ്രദേശിൽ ചൗഹാൻ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. താൻ മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ ഇല്ലെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. രാജെയെ പോലെ ഡൽഹിയിൽ പോയി ലോബിയിങ് നടത്താനൊന്നും ചൗഹാൻ മുതിർന്നില്ല. എന്നാൽ, ചൗഹാന്റെ അനുയായികൾ അടങ്ങിയിരിക്കുന്നില്ല. സംസ്ഥാനത്തെ മികച്ച വിജയത്തിന് കാരണം, ലാഡ്‌ലി ബെഹ്ന പദ്ധതിയാണെന്ന് അവർ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതുചൗഹാന്റെ അറിവോടെ തന്നെയാകണം. ചൗഹാന്റെ നയങ്ങളും പദ്ധതികളും പാർട്ടിയുടെ വിജയത്തിൽ വഹിച്ച പങ്ക് തള്ളിക്കളയാൻ ആവാത്തതുകൊണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിനും അദ്ദേഹത്തെ തള്ളിപ്പറയുക എളുപ്പമല്ല. ശനിയാഴ്ച ചൗഹാൻ ഇട്ട സബ്‌കോ രാം രാം പോസ്റ്റ് വലിയ ഊഹാപോഹങ്ങൾക്ക് വളമിടുകയും ചെയ്തു. രാം രാം ഒരേസമയം ആശംസയായും വിടവാങ്ങൽ സന്ദേശമായും ഉപയോഗിക്കുന്ന വാക്യമാണ്.
ഛത്തീസ്‌ഗഡിൽ പല പേരുകളെയും മറികടന്നാണ് സായിക്ക് നറുക്ക് വീണത്. മധ്യപ്രദേശിലും, രാജസ്ഥാനിലും നിരവധി മുഖ്യമന്ത്രി സ്ഥാനമോഹികളുണ്ട്. ചൗഹാനെ മാറ്റിയാൽ, മറ്റൊരു ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നും ശ്രുതിയുണ്ട്. നർസിങ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രഹ്ലാദ് മോദി കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിട്ടുണ്ട്. ദിമാനിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര തോമറും കേന്ദ്രമന്ത്രി പദവി ഒഴിഞ്ഞു. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്ഗീയ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമ എന്നിവരുടെ പേരുകളും കേൾക്കുന്നു,
രാജസ്ഥാനിലാകട്ടെ, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണന്, മുൻ രജസ്മൻഡ് എംപി ദിയാ കുമാരി, കേന്ദ്രമന്ത്രിയും മുൻ ജോഡ്പൂർ എംപിയുമായ ഗജേന്ദ്ര സിങ് ശെഖാവത്ത്, മുൻ ആൽവാർ എംപി നഹന്ദ് ബാലക്‌നാഥ് എന്നിവരാണ് പരിഗണിക്കുന്ന മുൻനിരക്കാർ.




