- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓം ബിര്‍ലയുടെ മകള്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ധ്രുവ് റാഠിക്കെതിരെ കേസെടുത്തത് അബദ്ധം; യഥാര്‍ഥ പ്രതികള്‍ക്ക് സമന്‍സ് അയച്ച് പൊലീസ്
മുംബൈ: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ എടുത്ത കേസില്‍ അബദ്ധം പിണഞ്ഞെന്ന് മഹാരാഷ്ട്ര പൊലീസ്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലിയെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസിലാണു നടപടി. പാരഡി അക്കൗണ്ടില്‍ വന്ന പോസ്റ്റിന് നേരത്തെ ധ്രുവ് റാഠിക്കെതിരെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസെടുത്തിരുന്നത്.
പരീക്ഷയ്ക്ക് ഹാജരാകാതെയാണ് അഞ്ജലി യു.പി.എസ്.സിയില്‍ വിജയിച്ചതെന്നായിരുന്നു റാഠിയുടെ പാരഡി അക്കൗണ്ടില്‍ ആരോപിച്ചിരുന്നത്. ഇത് യൂട്യൂബറുടെ ഒറിജിനല്‍ അക്കൗണ്ടാണെന്നു തെറ്റിദ്ധരിച്ച് മഹാരാഷ്ട്ര സൈബര്‍ പൊലീസ് ധ്രുവ് റാഠിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സമന്‍സ് അയയ്ക്കുകയുമായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോളുകള്‍ വന്നതോടെയാണു അബദ്ധം പൊലീസിനു ബോധ്യമാകുന്നത്. പിന്നീട് കേസ് പിന്‍വലിച്ച് പാരഡി അക്കൗണ്ടിനു പിന്നിലുള്ളയാളെ കണ്ടെത്തി സമന്‍സ് അയയ്ക്കുകയായിരുന്നു.
കേസ് നടപടികള്‍ക്കു പിന്നാലെ പാരഡി അക്കൗണ്ട് പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞിരുന്നു. മഹാരാഷ്ട്രാ സൈബര്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം അഞ്ജലി ബിര്‍ലയെ കുറിച്ചുള്ള പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളുടെ പോസ്റ്റ് യാഥാര്‍ഥ്യം അറിയാതെ കോപി ചെയ്ത് പങ്കുവയ്ക്കുകയാണു ചെയ്തത്. സംഭവിച്ച തെറ്റില്‍ മാപ്പുപറയുന്നുവെന്നും പാരഡി അക്കൗണ്ടില്‍ വ്യക്തമാക്കി.
കേസില്‍ യഥാര്‍ഥ പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, കലാപത്തിനു പ്രേരണ നല്‍കുന്ന തരത്തിലുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാരഡി അക്കൗണ്ട് പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ആദ്യത്തെ പോസ്റ്റില്‍ കമന്റ് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത ഒന്‍പതു പേരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബി.ജെ.പി മുംബൈ ഘടകം വക്താവ് സുരേഷ് നാഖുവയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സാകേത് കോടതി ധ്രുവ് റാഠിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നേതാവിനെ അസഭ്യം പറയുന്ന അമ്മാവന്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ് കേസ്.
20 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം കരീന കപൂറിനെ ലൈംഗികമായി അധിക്ഷേപിച്ച സുരേഷിന്റെ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണു തന്റെ പരാമര്‍ശമെന്ന് റാഠി പിന്നീട് വിശദീകരിച്ചിരുന്നു.