- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കുന്നു; അവർ ഭയം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഗുണം ലഭിക്കുന്നത് രണ്ട് കോർപ്പറേറ്റുകൾക്ക് മാത്രം'; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർന്നുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ഹല്ലാ ബോൽ' റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികൾ വാങ്ങിക്കൂട്ടുകയാണ്. ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നുവെന്നും രാഹുൽ പറഞ്ഞു.
ബിജെപി സർക്കാർ കാരണം രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു. 'ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവർ ഭയം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആർക്കാണ്? പാവപ്പെട്ടവർ, കർഷകർ, ചെറുകിട കച്ചവടക്കാർ ഇവരിൽ ആർക്കെങ്കിലുമാണോ മോദി സർക്കാരിൽനിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോർപ്പറേറ്റുകൾക്ക് മാത്രമാണ്'- രാഹുൽ പറഞ്ഞു.
കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാൻ സാധിക്കൂ. കോൺഗ്രസ് പാർട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങൾ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോൾ രാജ്യം അതിവേഗം നീങ്ങും. അതാണ് കോൺഗ്രസ് പ്രത്യേയശാസ്ത്രമെന്നും രാഹുൽ പറഞ്ഞു. കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ വൻ ജനക്കൂട്ടമാണ് കോൺഗ്രസ് റാലിയിൽ പങ്കെടുക്കുന്നത്.
ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന 'ഭാരത് ജോഡോ' യാത്രയിലൂടെ തെരുവിലിറങ്ങാൻ ആളുകളോട് രാഹുൽ ആഹ്വാനം ചെയ്തു. ഒരു ഭാഗത്ത് ജനങ്ങൾ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോൾ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു. കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങൾ. കർഷകരുടെ പ്രശ്നമായാലും അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നമായാലും. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുൽ പറഞ്ഞു.
'വിലക്കയറ്റമാണോ വിദ്വേഷമാണോ രാജ്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് എനിക്ക് നിങ്ങളോട് ചോദിക്കേണ്ടതുണ്ട്. നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. മറുവശത്ത് കോൺഗ്രസ് പാർട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങൾ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോൾ രാജ്യം അതിവേഗം നീങ്ങും. അതാണ് കോൺഗ്രസ് പ്രത്യയശാസ്ത്രം', രാഹുൽ വ്യക്തമാക്കി