- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ ഹൃദയം തൊടാൻ രാഹുൽ ഗാന്ധി; കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം; പതാക ഏറ്റുവാങ്ങിയത് എം കെ സ്റ്റാലിനിൽ നിന്നും; ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമെന്ന് സോണിയാ ഗാന്ധി
കന്യാകുമാരി: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യ്ക്ക് ആവേശോജ്വലമായ തുടക്കം. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ യാത്ര.
പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നുമാണ് രാഹുൽ ഗാന്ധി പതാക ഏറ്റുവാങ്ങിയത്. നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്കാണ് കന്യാകുമാരിയിൽ തുടക്കമായത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗങ്ങളും ദേശീയ നേതാക്കളും സന്നിഹിതരായിരുന്നു.
ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തിയത്. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവോത്ഥാനത്തിന്റെ നിമിഷമാണെന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിച്ചു. ഈ യാത്ര കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു.
Tamil Nadu CM Sh. MK Stalin hands over Khadi Tiranga to Congress leader Sh. Rahul Gandhi in Kanyakumari before the beginning of Bharat Jodo Padyatra.
- Anshuman Sail (@AnshumanSail) September 7, 2022
Rajasthan CM Sh. Ashok Gehlot and Chhatisgarh CM Sh. Bhupesh Baghel and senior leaders remained present. pic.twitter.com/AMb4Xrq3nY
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.
യാത്രയ്ക്കു മുന്നോടിയായി സബർമതി ആശ്രമം സന്ദർശിച്ച രാഹുലിന് അന്തേവാസികൾ ചർക്ക സമ്മാനിച്ചിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തിൽ ഇന്നു രാവിലെ 7ന് രാഹുൽ പ്രാർത്ഥന നടത്തി. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, പിന്നീട് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെത്തുകയായിരുന്നു.
രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം സ്ഥിരാംഗങ്ങളായി 3500 കിലോമീറ്റർ പദയാത്രയ്‌ക്കൊപ്പം ചേരുന്നത്.
ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാർട്ടി വിടുന്ന അവസ്ഥ, കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുൽ കോൺഗ്രസ് പാർട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്.ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ യാത്രക്ക് സമാപനമാകും.
വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്‌നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ചിത്രം പങ്കുവച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ബീച്ചിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം. അഗസ്തീശ്വരം കന്യാകുമാരി വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്‌നിക് ഗ്രൗണ്ടിൽ രാത്രി തങ്ങുന്ന രാഹുൽ ഗാന്ധി നാളെ മുതൽ 10 വരെ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തും. 11ന് യാത്ര കേരളത്തിൽ പ്രവേശിക്കും. 13 വരെ തിരുവനന്തപുരം ജില്ലയിലാണ്. 29 വരെയാണു കേരളത്തിലെ പര്യടനം.
-എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
മറുനാടന് മലയാളി ബ്യൂറോ