ജയ്പുർ: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്റെ വിലയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഫ്ളറിന് 80,000 രൂപ വിലയുണ്ടെന്നും ബിജെപി നേതാക്കൾ 2.5 ലക്ഷത്തിന്റെ സൺഗ്ലാസുകളാണു ധരിക്കുന്നതെന്നും അശോക് ഗെലോട്ട് ആരോപിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളിൽനിന്ന് ലഭിക്കുന്ന അസാധാരണപ്രതികരണത്തിൽ ഭരണപക്ഷം ആശങ്കയിലാണെന്നും ഗെഹലോത് കൂട്ടിച്ചേർത്തു. ബിജെപി. എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയെ കുറിച്ച് ആശങ്കപ്പെടുന്നത്. അവർക്ക് ജോലിയൊന്നുമില്ലേ? ഇപ്പോൾ അവർ ഒരു ടി-ഷർട്ടിനെ കുറിച്ച് പറയുകയാണ്. അവർ (ബിജെപി.) ധരിക്കുന്നത് 2.5 ലക്ഷത്തിന്റെ കണ്ണടയാണ്. ആഭ്യന്തരമന്ത്രി ധരിക്കുന്നത് എൺപതിനായിരത്തിന്റെ മഫ്ളറാണ്. അവർ ഇപ്പോൾ ഒരു ടി-ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്- ഗെലോട്ട് ചുരൂവിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ഗെലോട്ട് വിമർശിച്ചു. കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടാണ് ബിജെപി.-കോൺഗ്രസ് വാക്പോരിന് ആധാരം. ടി-ഷർട്ടിന് 41,000ൽ അധികം വിലയുണ്ടെന്ന വിമർശനവുമായി ബിജെപി. രംഗത്തെത്തുകയായിരുന്നു.

രാഹുൽ ടി ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി പങ്കുവച്ചത്. രാഹുൽ ധരിക്കുന്നത് വിദേശനിർമ്മിത ടി ഷർട്ടാണെന്ന് അമിത് ഷായും ആരോപിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഉപയോഗിച്ച ടി ഷർട്ട് തിരുപ്പൂരിൽ നിർമ്മിച്ചതാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി വ്യക്തമാക്കി.