പനാജി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ദൈവത്തോട് അനുമതി ചോദിച്ചിട്ടാണെന്ന് ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്. ഗോവയിലെ 11 എംഎൽഎമാരിൽ എട്ടുപേരും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്. കോൺഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോൺഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ മതഗ്രന്ഥങ്ങളിൽ തൊട്ട് സത്യം ചെയ്തിരുന്നു. ഈ വിഷയം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു കാമത്തിന്റെ പ്രതികരണം. ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ദൈവത്തിൽ വിശ്വസിക്കുന്നുയാളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണ്. എന്നാൽ ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി. എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലതെന്തെന്ന് തോന്നുന്നത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗോവ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ജയിച്ചുകഴിഞ്ഞാൽ ബിജെപിയിൽ പോകില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ അവർ വിശ്വസിക്കുന്ന ദൈവങ്ങളെ ആണയിട്ട് സത്യം ചെയ്തത്.

2017ൽ ഗോവയിലെ 40ൽ 17 സീറ്റും നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ 13 സീറ്റുകൾ നേടിയ ബിജെപി ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വർഷത്തിന് ശേഷം 15 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഫലം വരുന്നതിന് മുമ്പ് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി. അക്കാലത്ത് കൂറുമാറ്റങ്ങളെ 'ജനാധിപത്യത്തിന്റെ മരണം' എന്നാണ് കാമത്ത് വിശേഷിപ്പിച്ചത്. എന്നാൽ മാസങ്ങൾക്ക് ശേഷം കാമത്തും മൈക്കൽ ലോബോയും കൂറുമാറുമെന്ന് അഭ്യൂഹമുയർന്നു. എന്നാൽ പാർട്ടി വിട്ടുപോകില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു.

ഗോവയിൽ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബർ കാമത്ത് എന്നിവർ ഉൾപ്പെടെ കോൺഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ബുധനാഴ്ച, ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ചു.