- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയെന്നും നരേന്ദ്ര മോദി; ബിജെപിയുടെ മിസ്ഡ് കോൾ ക്യാംപെയിനും തുടക്കം
ജയ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായ രാജസ്ഥാനിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസ്ഡ് കോൾ ക്യാംപെയിന് തുടക്കമായതായും ബിജെപി അറിയിച്ചു. റാലിയിൽ കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും എതിരെ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയാണ്. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺഗ്രസിന്റെ നയമെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാൻ ഇത് കാരണം ഒരുപാട് ബുദ്ധിമുട്ടി. 2014 ന് മുമ്പ് രാജ്യം അഴിമതിയുടെ കൊടുമുടിയിലായിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
രണ്ടു തവണയായി മോദി സർക്കാർ ഒൻപതു വർഷം തികയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ തീരുമാനത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചതായി മോദി ആരോപിച്ചു. ഗോത്രവർഗക്കാരിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഉദ്ഘാടനത്തിനു ക്ഷണിക്കാതെ സർക്കാർ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും മറ്റ് 20 പാർട്ടികളും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു.
''മൂന്ന് ദിവസം മുമ്പാണ് ഇന്ത്യയ്ക്കു പുതിയ പാർലമെന്റ് മന്ദിരം ലഭിച്ചത്. നിങ്ങൾ അതിൽ അഭിമാനിക്കുന്നുണ്ടോ ഇന്ത്യയുടെ യശസ്സ് വർധിച്ചതിൽ നിങ്ങൾക്കു സന്തോഷം തോന്നിയോ കോൺഗ്രസും അതുപോലുള്ള ചില പാർട്ടികളും ഇതിലും രാഷ്ട്രീയം കളിച്ചു. തലമുറകളിലൊരിക്കലാണ് ഇത്തരം അവസരങ്ങൾ വരുന്നത്. എന്നാൽ കോൺഗ്രസ് ഇത് തങ്ങളുടെ സ്വാർഥ പ്രതിഷേധത്തിനാണ് ഉപയോഗിച്ചത്.
60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും രാജ്യത്തിന്റെ വികാരത്തെയും അവർ അപമാനിച്ചു, രാജ്യം കൈവരിച്ച പുരോഗതി കോൺഗ്രസിന് ദഹിക്കുന്നില്ല. 'പാവപ്പെട്ടവരുടെ മകൻ' കോൺഗ്രസ് ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കാത്തതിനാൽ അവർക്ക് ദേഷ്യമാണ്.
അവരുടെ അഴിമതിയെയും പരിവാർവാദത്തെയും (കുടുംബരാഷ്ട്രീയം) ചോദ്യം ചെയ്യുന്നതിനാലാണ് അവർ ദേഷ്യപ്പെടുന്നത്. ഭരണകാലത്ത് പാവപ്പെട്ടവരെ തെറ്റിധരിപ്പിക്കുകയും അവരെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയും ചെയ്ത നയമാണ് കോൺഗ്രസ് പിന്തുടർന്നത്. ദാരിദ്ര്യം തുടച്ചുനീക്കുമെന്നു കോൺഗ്രസ് 50 വർഷം മുമ്പ് ഉറപ്പ് നൽകിയിരുന്നു. പക്ഷേ, ആ വാഗ്ദാനം പാവങ്ങളോടുള്ള അവരുടെ ഏറ്റവും വലിയ വഞ്ചനയായി മാറി.
പാവപ്പെട്ടവരെ തെറ്റിധരിപ്പിച്ച് അവരെ വഞ്ചിക്കുകയെന്നത് കോൺഗ്രസിന്റെ നയമാണ്. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങളും ഏറെ ദുരിതമനുഭവിച്ചു. ഒൻപത് വർഷത്തെ ബിജെപി സർക്കാരിന്റെ പ്രവർത്തനം ജനസേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു.
2014ന് മുമ്പ് അഴിമതിക്കെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഭീകരാക്രമണങ്ങൾ വലിയ നഗരങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ കോൺഗ്രസ് റിമോട്ട് കൺട്രോൾ ഭരണത്തിലായിരുന്നു. ഭരണകാലത്ത് കോൺഗ്രസ് രാജ്യത്തിന്റെ രക്തം കുടിക്കുകയും വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന അഴിമതിയിൽ മുങ്ങിയിരുന്നു. ഇപ്പോൾ, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ചു സംസാരിക്കുന്നു. വിദഗ്ദ്ധർ പറയുന്നത് ഇന്ത്യയിൽ അധികം താമസിക്കാതെ കടുത്ത ദാരിദ്ര്യം അവസാനിക്കുമെന്നാണ്.
രാജ്യം നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ഇന്ത്യക്കാരനും കാണിക്കുന്ന ദൃഢനിശ്ചയം സമാനതകളില്ലാത്തതാണ്. എന്നാൽ ചിലർക്ക് ഇത് ദഹിക്കുന്നില്ല. '' മോദി വ്യക്തമാക്കി. ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ രാജസ്ഥാൻ സന്ദർശനം ശ്രദ്ധേയമാകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ