- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എൻസിപിയെ തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു; അഴിമതിക്കാരായ ചിലർ ബിജെപി ചേരിയിലെത്തി; അഴിമതി ആരോപിക്കപ്പെട്ടവർ മന്ത്രിമാർ'; സത്യം പുറത്തുവരുമെന്നും തളരാതെ മുന്നോട്ടു പോകുമെന്നും ശരദ് പവാർ; ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്
മുംബൈ: മഹാരാഷ്ട്രയിൽ എൻ സി പിയിൽ വിള്ളൽ വീഴ്ത്തി ഏക്നാഥ് ഷിൻഡെ സർക്കാരിനൊപ്പം അജിത് പവാർ ചേർന്നതിൽ പ്രതികരിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്നും തളരാതെ മുന്നോട്ടു പോകുമെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമത നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് എംഎൽഎമാരും മുതിർന്ന നേതാക്കളും ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യക്ഷൻ എന്ന നിലയിൽ പ്രഫുൽ പട്ടേലിനും സുനിൽ തത്കരെയ്ക്കുമെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''എൻസിപിയെ തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഴിമതിക്കാരായ ചിലർ അതുകേട്ട് ഭയന്നോടി ബിജെപി ചേരിയിലെത്തി. ഇപ്പോൾ അവർ അഴിമതിക്കാരല്ലാതായതിൽ സന്തോഷം. ആരൊക്കെ പോയാലും പുതിയ നേതൃനിരയുമായി മുന്നോട്ട് പോകും. പാർട്ടി നേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. യോഗത്തിൽ വിഷയം ചർച്ച ചെയ്യും.'' പവാർ പറഞ്ഞു.
''ഇത് പുതിയ കാര്യമല്ല. 1980ൽ സമാനമായ അവസ്ഥയുണ്ടായി. ഞാൻ നേതൃത്വം കൊടുത്തിരുന്ന പാർട്ടിക്ക് അന്ന് 58 എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് അഞ്ചുപേരൊഴികെ എല്ലാവരും പോയി. പക്ഷേ വീണ്ടും എല്ലാം പടുത്തുയർത്തി. എന്നെ വിട്ടുപോയവരെല്ലാം പരാജയപ്പെട്ടു. എനിക്കു ജനങ്ങളിൽ വിശ്വാസമുണ്ട്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ട്'' പവാർ വിശദീകരിച്ചു.
പാർട്ടിയിലെ ചില പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി പാർട്ടിയിലെ എല്ലാ നേതാക്കളുടെയും യോഗം ജൂലായ് ആറിന് വിളിച്ചിരിക്കുകയായിരുന്നു. എന്നാൽ ആ യോഗത്തിനു മുൻപായി എന്റെ ഏതാനും സഹപ്രവർത്തകർ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സ്പീക്കറുടെ അവകാശമാണെന്ന് ശരദ് പവാർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തങ്ങൾ കോൺഗ്രസും ഉദ്ധവ് താക്കറെയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തങ്ങളുടെ ശക്തി സാധാരണക്കാരായ ജനങ്ങളാണ്, അവരാണ് തങ്ങളെ തിരഞ്ഞെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബം?ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തന്നെ വിളിച്ച് വിഷയത്തെക്കുറിച്ച് അന്വേഷിച്ചതായും പവാർ വ്യക്തമാക്കി.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ 9 വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നു വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്നായിരുന്നു അജിത് പവാറിന്റെ വിശദീരണം. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
അതേ സമയം മഹാരാഷ്ട്രയിൽ അജിത് പവാർ നടത്തിയ രാഷ്ട്രീയ അട്ടിമറിക്കിടെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദിനെ തെരഞ്ഞെടുത്തു. താനെ ജില്ലയിലെ മുംബ്ര-കൽവയിൽ നിന്നുള്ള എംഎൽഎയാണ് ജിതേന്ദ്ര അവ്ഹാദ്. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം.
പ്രതിപക്ഷ നേതൃ സ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ തനിക്ക് നൽകിയതായി ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. എല്ലാ എംഎൽഎമാരും തന്റെ വിപ്പ് അനുസരിക്കേണ്ടതുണ്ട്. പാർട്ടി തലവൻ ശരദ്പവാർ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർക്കുന്നതോടെ അജിത് പവാറിനൊപ്പമുള്ളവരുടെ എണ്ണം വ്യക്തമാകുമെന്നും ജിതേന്ദ്ര അവ്ഹാദ് വ്യക്തമാക്കി. എൻസിപിയുടെ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം.
മറുനാടന് മലയാളി ബ്യൂറോ