- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആളുകൾ കൊല്ലപ്പെടുമ്പോൾ വിഷയം പരിഹരിക്കാൻ ഇടപെടുന്നത് മനുഷ്യത്വം; മണിപ്പുരിൽ കലാപം കത്തവേ പ്രധാനമന്ത്രി യുഎസിലേക്കു യാത്ര നടത്തി; തെറ്റായ മുൻഗണന'; നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ച് ബിജെപി എംഎൽഎ
ഇംഫാൽ: മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തെറ്റായ മുൻഗണനയെന്നും പരസ്യമായി വിമർശിച്ച് സംസ്ഥാനത്തെ ബിജെപി എംഎൽഎ. മെയ് ആദ്യം ആരംഭിച്ച കലാപത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പാണ് നരേന്ദ്ര മോദിക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയത്.
''79 ദിവസങ്ങൾ മറന്നേക്കൂ, ഇത്തരം അക്രമത്തിന് ഒരാഴ്ച പോലും നീണ്ട സമയമാണ്'' എംഎൽഎ കുറ്റപ്പെടുത്തി. മണിപ്പുരിൽ കലാപം കത്തവേ പ്രധാനമന്ത്രി യുഎസിലേക്കു യാത്ര നടത്തിയതിലും എംഎൽഎ വിമർശനം ഉന്നയിച്ചു. തെറ്റായ മുൻഗണനകളാണു നേതാവിനുള്ളതെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ''ആളുകൾ കൊല്ലപ്പെടുമ്പോൾ വിഷയം പരിഹരിക്കാൻ ഇടപെടുന്നത് മനുഷ്യത്വമാണ്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. മണിപ്പുരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനുള്ള അവസരത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.
ചിൻകുകിമിസോസോമി ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പരാജയപ്പെട്ടെന്നും മറ്റൊരു ഭരണസംവിധാനം വേണമെന്നും ആവശ്യപ്പെട്ട് കത്തുനൽകിയ 10 കുക്കി എംഎൽഎമാരിൽ ഒരാളാണ് പൗലിയൻലാൽ ഹാക്കിപ്പ്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ മെയ്തെയ് വിഭാഗം മെയ് മൂന്നിന് ചിൻകുക്കിമിസോസോമി വിഭാഗത്തിനെതിരെ ആരംഭിച്ച കലാപം സംസ്ഥാനത്തെ ഇതിനോടകം തന്നെ വിഭജിച്ചതായും എംഎൽഎ പറഞ്ഞു. സംസ്ഥാനത്തു നടക്കുന്ന 99% അതിക്രമങ്ങൾക്കും കാരണം പൊലീസും മെയ്തെയ് കലാപകാരികളാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
മണിപ്പുരിൽ മെയ്തെയ്കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചിട്ട് 79 ദിവസങ്ങളോളം പിന്നിട്ടതിനു ശേഷമാണു വിഷയത്തിൽ പ്രധാനമന്ത്രി ആദ്യമായി പ്രതികരണം നടത്തിയത്. രണ്ടു കുക്കി ഗോത്ര വിഭാഗത്തിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ പ്രചരിക്കുകയും രാജ്യവ്യാപകമായി വിമർശനം ഉയരുകയും ചെയ്തതിനു തൊട്ടടുത്ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക്