- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്നയിലെ എ ബി വാജ്‌പേയിയുടെ പേരിലുള്ള പാർക്കിന്റെ പേരു മാറ്റി; കോക്കനട്ട് പാർക്കെന്ന പഴയ പേര് പുനഃസ്ഥാപിച്ച് ബിഹാർ സർക്കാർ; ഹീനമായ കുറ്റകൃത്യമെന്ന് ബിജെപി; രണ്ടു മുഖമുള്ള സർക്കാരെന്ന് വിമർശനം
പട്‌ന: ബിഹാർ തലസ്ഥാനമായ പട്‌നയിൽ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുണ്ടായിരുന്ന പാർക്കിന്റെ പേര് മാറ്റി നിതീഷ് കുമാർ സർക്കാർ. കോക്കനട്ട് പാർക്കെന്ന പഴയ പേര് വനം വകുപ്പ് പുനഃസ്ഥാപിച്ചു. ബിഹാർ പരിസ്ഥിതി, വനംവകുപ്പു മന്ത്രി തേജ് പ്രതാപ് യാദവാണ് പാർക്കിന്റെ പഴയ പേര് പുനഃസ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. പേരുമാറ്റിയ പുതിയ പാർക്ക് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. 2018ലാണ് മുൻ പ്രധാനമന്ത്രിയോടുള്ള ബഹുമാനാർഥം അടൽ പാർക്കെന്നു പേരു നൽകിയത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള സ്മാരകങ്ങളും സ്ഥാപനങ്ങളും പുനർനാമകരണം ചെയ്യുന്നതിന്റെ പേരിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉയരുമ്പോഴാണ് ബിഹാറിൽനിന്ന് സമാനമായ നീക്കം ഉണ്ടായിരിക്കുന്നത്. ജവഹർ ലാൽ നെഹ്‌റു ജീവിച്ച തീൻ മൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് 'പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി' എന്നാക്കി മാറ്റിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിൽ സമാനമായ സംഭവം.
പാർക്കിന്റെ പേരു മാറ്റിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. മുൻ പ്രധാനമന്ത്രിയുടെ പേരു മാറ്റി പാർക്കിന്റെ പഴയ പേര് പുനഃസ്ഥാപിച്ച നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വിമർശിച്ചു. വാജ്‌പേയിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാർക്കിന്റെ പേരു മാറ്റിയത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 'തേജസ്വി, ജനങ്ങൾ നിങ്ങളെ ചോദ്യം ചെയ്യും. നിതീഷ് ജി, ഈ പ്രവൃത്തിയിൽനിന്ന് തേജസ്വിയെ തടയുക' നിത്യാനന്ദ് റായ് പ്രതികരിച്ചു.
പാർക്കിന്റെ പേരു മാറ്റിയ നടപടിയെ ബിഹാർ ബിജെപി അധ്യക്ഷൻ സമ്രത് ചൗധരിയും വിമർശിച്ചു. 'വർഷങ്ങളായി മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ പേരിൽ അറിയപ്പെടുന്ന പാർക്കാണിത്. നിതീഷ് കുമാർ സർക്കാർ ആ പേരും എടുത്തു കളഞ്ഞിരിക്കുന്നു. ഇതാണ് വാജ്‌പേയിയോട് നിതീഷ് കുമാറിനുള്ള ബഹുമാനം. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ തീരെ ചേരുന്നില്ല' ചൗധരി പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി വക്താവ് അരവിന്ദ് കുമാർ സിങ്ങും രംഗത്തെത്തി. ''ഒരു വശത്ത് വാജ്‌പേയിയുടെ സ്മാരകത്തിൽ പൂമാലയിടുന്ന നിതീഷ് കുമാർ. മറുവശത്ത് അദ്ദേഹത്തിന്റെ പേര് പാർക്കിൽനിന്ന് നീക്കം ചെയ്യുന്ന തേജ് പ്രതാപ് യാദവ്. ഇത് രണ്ടു മുഖമുള്ള സർക്കാരാണ്. പാർക്കിന്റെ പേരു മാറ്റിയ നടപടിയെ ബിജെപി അപലപിക്കുന്നു. മുൻ പ്രധാനമന്ത്രിയുടെ പേര് പുനഃസ്ഥാപിക്കണം' അരവിന്ദ് കുമാർ സിങ് പറഞ്ഞു.




