ന്യൂഡൽഹി: പാക് അധീന കശ്മീർ വൈകാതെ തന്നെ ഇന്ത്യയോട് സ്വമേധയാ ചേരുമെന്ന് മുൻ സൈനിക മേധാവിയും നിലവിൽ കേന്ദ്രമന്ത്രിയുമായ വി.കെ സിങ്. ഇതിനായി ഇന്ത്യയിലെ ജനങ്ങൾ കുറച്ചു സമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ദൗസയിൽ നടന്ന ബിജെപിയുടെ പരിവർത്തൻ സങ്കൽപ്പ് യാത്രയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

പാക് അധീന കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന നിലക്ക്, അക്കാര്യത്തിൽ ബിജെപി.യുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്ലിംകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'പാക് അധീന കശ്മീർ സ്വന്തം നിലയ്ക്ക് തന്നെ ഇന്ത്യയുമായി ലയിക്കും, കുറച്ചുസമയം കാത്തിരിക്കു' എന്നാണ് വികെ സിങ് മറുപടി നൽകിയത്.

അരുണാചൽ പ്രദേശിന്റെ അടക്കം ഇന്ത്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ. പാക് അധീന കശ്മീരിൽ പാക്കിസ്ഥാൻ സർക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടി പാക് അധീന കശ്മീരിൽ പാക്കിസ്ഥാൻ സർക്കാരിനെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യം. പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്മീരിനെ ഇന്ത്യ മോചിപ്പിക്കണമെന്നതാണ് അവിടത്തെ ജനങ്ങളുടെ ആവശ്യമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി-20 യുടെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡൽഹിയിൽ നടന്ന ഉച്ചകോടി, ലോകവേദിയിൽ ഇന്ത്യക്ക് സവിശേഷമായ ഒരു സ്ഥാനം നൽകിയെന്നും ലോകത്തിനു മുന്നിൽ ഇന്ത്യ അതിന്റെ കഴിവ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീരമായി നടത്തിയ ഉച്ചകോടിയിലൂടെ ഇന്ത്യയ്ക്ക് ലോക വേദിയിൽ അതുല്യമായ സ്ഥാനം ലഭിച്ചെന്നും ലോകത്തിന് മുന്നിൽ രാജ്യം അതിന്റെ കഴിവ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയൊഴികെ മറ്റൊരു രാജ്യത്തിനും ഇതുപോലെ ഒരു ഉച്ചകോടി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വി.കെ സിങ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവ് തെളിയിച്ചെന്നും ജി-20 ഗ്രൂപ്പിൽ ലോകത്തിലെ എല്ലാ ശക്തമായ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരിനെ വി.കെ സിം?ഗ് രൂക്ഷമായി വിമർശിച്ചു. നിലവിലെ കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില മോശമായെന്നും അതിനാൽ സംസ്ഥാനത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി ആരോപിച്ചു.

ജനങ്ങൾക്കിടയിലേക്ക് പോകാനും അവരെ ശ്രവിക്കാനും ബിജെപിക്ക് പരിവർത്തൻ സങ്കൽപ് യാത്ര സംഘടിപ്പിക്കേണ്ടി വന്നതിന്റെ കാരണം ഇതാണ്. ജനങ്ങൾ ഒരു പരിവർത്തനം ആഗ്രഹിക്കുന്നുണ്ട്. അവരാണ് ഈ യാത്രയിൽ ഞങ്ങളോടൊപ്പം വരുന്നത്. മാറ്റം കൊണ്ടുവരാൻ രാജസ്ഥാനിലെ ജനങ്ങളുടെ മനസ്സ് ഉറപ്പിച്ചിരിക്കുന്നുവെന്നും പരിവർത്തൻ സങ്കൽപ്പ് യാത്രയ്ക്ക് സംസ്ഥാനത്തുടനീളം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.