- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കവുമായി 'ഇന്ത്യ സഖ്യം'; ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ ഭോപ്പാലിൽ; ലോക്സഭാ സീറ്റ് വിഭജനത്തിന് പാർട്ടി നേതൃത്വവുമായി കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും
ഭോപാൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കവുമായി പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യാ' സഖ്യം. ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കും. ബുധനാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിലെ ഓരോ പാർട്ടി നേതൃത്വവുമായും കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും. പാർട്ടിയുടെ വലുപ്പം, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീറ്റ് വിഭജനം നടത്തുക. ബിജെപി. സ്ഥാനാർത്ഥിക്കെതിരേ മത്സരിക്കാൻ സഖ്യം ഒറ്റക്കെട്ടായി ഒരു സ്ഥാനാർത്ഥിയെ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സീറ്റ് വിഭജന ചർച്ചകൾ അതത് സംസ്ഥാനങ്ങളിൽ നടത്തുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്ക്കെതിരെയാണ് പൊതുയോഗം. പ്രതിപക്ഷ കൂട്ടായ്യിലെ 14 അംഗ പാനലുകൾ ചേർന്ന യോഗത്തിലാണ് മുന്നണിയുടെ പൊതുയോഗം സംബന്ധിച്ച തീരുമാനം. എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽവെച്ച് വൈകീട്ട് നാലിനായിരുന്നു യോഗം.
26 അംഗ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയെ സംബന്ധിച്ച നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി രൂപവത്കരിച്ച സമിതിയാണ് കോഓർഡിനേഷൻ കമ്മിറ്റി. കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി.), ടി.ആർ ബാലു (ഡി.എം.കെ.), ഹേമന്ദ് സോറൻ (ജെ.എം.എം.), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ദവ് താക്കറെ പക്ഷം), തേജസ്വി യാദവ് (ആർ.ജെ.ഡി.), രാഘവ് ചദ്ദ (എ.എ.പി.), ജാവേദ് അലി ഖാൻ (എസ്‌പി.), സഞ്ജയ് ഝാ (ജെ.ഡി.യു.), ഡി. രാജ (സിപിഐ.), ഒമർ അബ്ദുല്ല (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി.), അഭിഷേക് ബാനർജി (ടി.എം.സി.), സിപിഎമ്മിൽനിന്ന് ഒരംഗം എന്നിങ്ങനെ 14 പേരാണ് കോഓർഡിനേഷൻ കമ്മിറ്റിയിലുള്ളത്. ഇ.ഡി.യുടെ മുൻപിൽ ഹാജരാകേണ്ടിയിരുന്നതിനാൽ അഭിഷേക് ബാനർജി ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.




