കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ'സഖ്യത്തെക്കരുതി പശ്ചിമബംഗാളിൽ രണ്ടുസീറ്റ് കോൺഗ്രസിന് നീക്കിവെക്കാമെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്. ഇതിലൊന്ന് കോൺഗ്രസ് സിപിഎമ്മിന് കൈമാറുകയാണെങ്കിൽ അതിൽ തങ്ങൾക്കെതിർപ്പില്ലെന്നും തൃണമൂൽ കോൺഗ്രസ് 'ഇന്ത്യ'സഖ്യത്തിന്റെ നേതൃത്വത്തെ അറിയിച്ചു.

പശ്ചിമബംഗാളിൽ ആകെയുള്ള 42 സീറ്റിൽ മുപ്പതിലും ഉറച്ച വിജയപ്രതീക്ഷയുള്ള തങ്ങൾക്കൊപ്പം ചേരണമോ ഒരുസീറ്റിലും ജയിക്കാൻ സാധ്യതയില്ലാത്ത സിപിഎമ്മിനോടൊപ്പം ചേരണോ എന്നത് കോൺഗ്രസിന് തീരുമാനിക്കാം എന്നതാണ് തൃണമൂൽ നേതൃത്വത്തിന്റെ നിലപാട്. 'ഇന്ത്യ'സഖ്യത്തെക്കരുതി കോൺഗ്രസിന് നൽകുന്ന രണ്ട് സീറ്റിൽ ഒന്ന് സിപി.എമ്മിന് കൊടുക്കാൻ തീരുമാനിച്ചാൽ എതിർക്കുകയില്ല. എന്നാൽ, ഒരു കാരണവശാലും രണ്ടിൽക്കൂടുതൽ സീറ്റ് വിട്ടുനൽകുകയുമില്ല.

ഓരോ മണ്ഡലത്തിലും മൂന്നു ഘടകങ്ങളെ ആശ്രയിച്ചുവേണം സീറ്റുനിർണയം നടത്താൻ എന്നതാണ് തൃണമൂലിന്റെ നിലപാട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും കക്ഷികളുടെ പ്രകടനം, ഇവ രണ്ടും കൂട്ടിച്ചേർത്ത് നോക്കുമ്പോഴുള്ള വോട്ട് ശതമാനം എന്നിവയാണ് ഈ മൂന്നുഘടകങ്ങൾ.

സീറ്റുധാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കി താഴെത്തട്ടുമുതൽ പ്രചാരണം തുടങ്ങി വെക്കണമെന്നാണ് തൃണമൂൽ ആഗ്രഹിക്കുന്നത്. സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചർച്ചകൾ ഒക്ടോബറിലേക്ക് നീണ്ടതിൽ പാർട്ടിനേതൃത്വത്തിന് അതൃപ്തിയുമുണ്ട്.

എന്നാൽ, തൃണമൂൽ കോൺഗ്രസിന്റെ സീറ്റ് വാഗ്ദാനത്തോട് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒട്ടും അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ല. രണ്ടുവള്ളത്തിൽ കാൽവെച്ച് നീങ്ങുകയാണ് മമതയെന്നും കോൺഗ്രസിന്റെകൂടെ നിന്നുകൊണ്ട് ബിജെപി.യെ സഹായിക്കുകയാണെന്നും പി.സി.സി. അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി വെള്ളിയാഴ്ചനടന്ന പാർട്ടി ചടങ്ങിൽ വിമർശനമുന്നയിച്ചു. അഴിമതിക്കേസിൽനിന്ന് അഭിഷേകിനെ രക്ഷിക്കാനാണ് മമത ജി-20 ഉച്ചകോടിയിലെ വിരുന്നിന് പോയതെന്നും അദ്ദേഹം വിമർശിച്ചു.