- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ എതിർത്ത് സിപിഎം കേരള നേതൃത്വം; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല; സഹകരണം മാത്രം; ഇന്ത്യ സഖ്യത്തിൽ ഭിന്നതയെന്ന് സൂചന
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ സിപഎം ഇടയുന്നുവെന്ന് സൂചന. ഏകോപന സമിതി സംഘടിപ്പിച്ചതിൽ പിബിയിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ സിപിഎം അംഗം സമിതിയിലുണ്ടാകില്ല. ഏകോപന സമിതിയിൽ സിപിഎം പ്രതിനിധി വേണ്ടെന്നാണ് തീരുമാനം. 14 അംഗ ഏകോപന സമിതിയിൽ സിപിഎം നേരത്തെ പ്രതിനിധിയെ നിർദ്ദേശിച്ചിരുന്നില്ല. കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ സിപിഎം കേരള നേതൃത്വം എതിർത്തു. സഹകരിക്കുന്നത് കേരളത്തിൽ തിരിച്ചടിയെന്നാണ് നേതാക്കളുടെ നിലപാട്.
സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സിപിഎം പ്രതിനിധി വേണ്ടെന്നുമാണ് ഭൂരിപക്ഷ തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഎം പ്രതിനിധിക്ക് വേണ്ടി സമിതിയിൽ ഇടം ഒഴിച്ചിട്ടിരുന്നു. പാർട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഎം പ്രതികരണം. സമിതിയിൽ അംഗമാവേണ്ടതില്ല എന്നാണ് പാർട്ടി യോഗത്തിന് ശേഷം സിപിഎം എത്തിയിരിക്കുന്ന നിലപാട്.
കെ സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), ടി ആർ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാർട്ടി), ജാവേദ് അലി ഖാൻ (സമാജവാദി പാർട്ടി), ലലൻ സിങ് (ജെഡിയു), ഹേമന്ദ് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.
അതേ സമയം, ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത പാർട്ടി നേതൃത്വങ്ങൾ ആണ്. അത് തടസ്സപ്പെടുത്തുന്ന രീതിയിൽ സമിതികൾ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു. 14 അംഗം ഏകോപന സമിതിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിബി കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബർ 27 മുതൽ 29 വരെ ചേരും.
അതേസമയം, പാർലമെന്റ് സമ്മേളനത്തിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോൾ പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷായും ഇന്ത്യ സഖ്യത്തിനെതിരെ വിമർശനം ശക്തമാക്കി. അധികാരക്കൊതിയുള്ളവരുടെ കൂട്ടമാണ് ഇന്ത്യ സഖ്യമെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയിൽ പറഞ്ഞു. യുപിഎ എന്ന പേര് പറയാൻ പ്രതിപക്ഷത്തിന് നാണക്കേടാണ്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയത്. പുതിയ പേരുമായി സഖ്യമെത്താൻ കാരണം ഈ അപമാനഭാരമാണെന്നും അമിത് ഷാ പരിഹസിച്ചു.
അതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച ഒക്ടോബറോടെ പൂർത്തിയായേക്കില്ലെന്ന സൂചന പുറത്ത് വന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷം ധാരണയാകാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. വേഗത്തിൽ ചർച്ചകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച ബിഹാറിലും മഹാരാഷ്ട്രയിലും പോലും കടമ്പകൾ ഏറെയാണ്.




