ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. ബിജെപിയുമായി സഖ്യമില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു വരുമ്പോൾ സഖ്യം ആവശ്യമാണോയെന്നു പരിശോധിച്ചു മാത്രം തീരുമാനിക്കും. ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും. സംസ്ഥാനത്ത് ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ അറിയിച്ചു. ഇരുപാർട്ടി നേതാക്കളും തമ്മലുള്ള കനത്ത വാക്പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

'എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദർഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ' ഡി.ജയകുമാർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും വാക്‌പോരു തുടങ്ങിയത്. അണ്ണാമലൈക്കെതിരെ കടുത്ത വിമർശനവുമായി അണ്ണാഡിഎംകെ നേതാക്കാളായ ഡി.ജയകുമാർ, സെല്ലൂർ രാജു, സി.വി.ഷൺമുഖം എന്നിവർ രംഗത്തെത്തിയിരുന്നു. അണ്ണാദുരൈയെക്കുറിച്ചു മോശമായി പറയുന്ന നാവുകൾ പിഴുതെടുക്കണമെന്നായിരുന്നു സെല്ലൂർ രാജുവിന്റെ പ്രതികരണം. അണ്ണാദുരൈയെക്കുറിച്ചു പറയാൻ അർഹത പോലും അണ്ണാമലൈക്കില്ലെന്നും പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതു നിർത്തണമെന്നും ഡി.ജയകുമാർ പറഞ്ഞു.

പാർട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും സി.വി.ഷൺമുഖം പറഞ്ഞു. അണ്ണാമലൈ നടത്തുന്നത് കാൽ നടയാത്രയല്ല, പിരിവ് യാത്രയാണെന്നു ഷൺമുഖം പരിഹസിച്ചു. എന്നാൽ, മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ തുറന്നടിച്ചു. ബിജെപിയുടെ വളർച്ചയിൽ പലർക്കും അസൂയയുണ്ട്. താൻ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാർട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാൽ അടിമയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷൺമുഖന്റെ പരാമർശത്തിന് മറുപടിനൽകവേയാണ് അണ്ണാമലൈ സഖ്യകക്ഷിക്കുനേരെ വിമർശനം അഴിച്ചുവിട്ടത്.

എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണയില്ലാതെ ബിജെപി.ക്ക് തമിഴ്‌നാട്ടിൽ ജയിക്കാനാവില്ലെന്നും ഷൺമുഖൻ പറഞ്ഞിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്‌നാട്ടിൽനിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബിജെപി. നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയാണ് എന്ന കാര്യം ബിജെപി. മറക്കരുതെന്നും വിഴുപുരത്തുനടന്ന അണ്ണാദുരൈ അനുസ്മരണത്തിൽ അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്‌പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചിരുന്നു.

തുടർച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നു. മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തിന്റേതാണെന്ന് ജയകുമാർ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിൽ ഭിന്നതയുണ്ടാവുന്നത്. തമിഴ്‌നാട്ടിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. അതിനിടെ ഉണ്ടായ ഈ ഭിന്നിപ്പ് ദേശീയ നേതൃത്വത്തിനും തലവേദനയാണ്.