ന്യൂഡൽഹി: ശിവസേന വിഭാഗങ്ങൾ തമ്മിലുള്ള തർക്ക വിഷയത്തിൽ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈകുന്നതിൽ മഹാരാഷ്ട്ര സ്പീക്കർക്ക് രൂക്ഷവിമർശനം. അയോഗ്യതാ വിഷയത്തിലെ തീരുമാനം അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്പീക്കർ രാഹുൽ നർവേകർ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ഭരണഘടനയുടെ പത്താം പട്ടിക അനുസരിച്ച് നടപടിക്രമങ്ങൾ സ്പീക്കർക്ക് അനന്തമായി നീട്ടാനാവില്ല. കോടതി പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

'അദ്ദേഹം തീരുമാനമെടുത്തേ മതിയാകൂ, ഇങ്ങനെ ചെയ്യാൻ കഴിയില്ല.' - സ്പീക്കർക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അയോഗ്യതാ വിഷയത്തിൽ നിശ്ചിതകാലാവധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന മെയ്‌ 11ലെ സുപ്രീംകോടതി നിർദ്ദേശം സംബന്ധിച്ച് സ്പീക്കർ എന്തു നടപടി സ്വീകരിച്ചുവെന്നു കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ഹർജി പരിഗണിക്കുന്നത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷയിൽ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കാൻ സ്പീക്കർക്കു നിർദ്ദേശം നൽകണമെന്നു കാട്ടി ഉദ്ധവ് താക്കറെ പക്ഷത്തെ എംപിയായ സുനിൽ പ്രഭുവാണ് ഹർജി നൽകിയിരിക്കുന്നത്.

ഇരുവിഭാഗത്തിലെയും 56 എൽഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചു 34 ഹർജികളാണു ലഭിച്ചിരിക്കുന്നതെന്നു കോടതി അറിയിച്ചു. അപേക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ സ്പീക്കറുടെ മുന്നിലെത്തിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി.

അയോഗ്യത സംബന്ധിച്ച പരാതി വേഗത്തിൽ തീർപ്പാക്കാൻ നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്പീക്കർക്ക് നിർദ്ദേശം നൽകിയിരുന്നു. മെയ് 11-ന് പുറപ്പെടുവിച്ച ഉത്തരവ് സ്പീക്കർ എന്തുകൊണ്ടാണ് വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം പോയ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗമാണ് ആദ്യം സ്പീക്കറെ സമീപിച്ചത്. പരസ്പരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ ഇരുവിഭാഗങ്ങളും 34 ഹർജികൾ അപേക്ഷകൾ കോടതി നിരീക്ഷിച്ചു. ഈ ഹർജികൾ ഒരാഴ്ചയ്കക്കം സ്പീക്കർക്ക് മുമ്പാലെ ലിസ്റ്റ് ചെയ്യണമെന്നും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം സ്പീക്കർ തീരുമാനം മനഃപൂർവം വൈകിക്കുകയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം ആരോപിച്ചു.

ഒരു വർഷം മുൻപ് ശിവസേന പിളർത്തിയ ഷിൻഡെ അടക്കം 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം നൽകിയ അപേക്ഷയിൽ ഇനി സ്പീക്കർക്ക് വേഗം തീരുമാനമെടുക്കേണ്ടിവരും. അന്തിമ തീരുമാനമെടുക്കാൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്പീക്കറോടു നിർദ്ദേശിച്ചിട്ട് നാലു മാസത്തോളം പിന്നിട്ടു.

ഷിൻഡെ അടക്കം 16 പേർ അയോഗ്യരാക്കപ്പെടാനുള്ള സാധ്യയേറെയാണെന്നാണു നിയമ വിദഗ്ദ്ധർ നൽകുന്ന സൂചന. ഇതു മുന്നിൽക്കണ്ടാണ് ബിജെപി എൻസിപിയെ പിളർത്തി സ്വന്തം പാളയത്തിലെത്തിച്ചതെന്നും പറയുന്നു. അതിനിടെ, അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിമതർക്ക് 9 മന്ത്രിസ്ഥാനം നൽകിയതും ഷിൻഡെ ക്യാംപിൽ അസ്വസ്ഥതയുയർത്തിയിട്ടുണ്ട്. മന്ത്രിസഭാ വികസനത്തിൽ ഷിൻഡെ വിഭാഗത്തിലെ ഒരാളെപ്പോലും ഉൾപ്പെടുത്തിയിട്ടുമില്ല. അവരുടെ 40 എംഎൽഎമാരിൽ 10 പേർക്കു മാത്രമാണ് നേരത്തെ മന്ത്രിസ്ഥാനം ലഭിച്ചത്.