- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു; യഥാർഥ കോപ്പികൾ ഉണ്ട്'; ഭരണഘടനയിൽനിന്ന് 'മതേതരത്വം' വിട്ടുകളഞ്ഞുവെന്ന ആരോപണത്തിൽ കേന്ദ്രത്തിന്റെ മറുപടി; പ്രതികരണവുമായി സന്ദീപ് വചസ്പതി
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'മതനിരപേക്ഷത', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ നീക്കംചെയ്തുവെന്ന ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഭരണഘടന രൂപവത്കരിച്ചപ്പോൾ ഇങ്ങനെയായിരുന്നുവെന്ന് പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. 42-ാം ഭേദഗതിയോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും ഇതിന്റെ യഥാർഥ കോപ്പികളുണ്ടെന്നും മന്ത്രി പറഞ്ഞു.
''ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു. പിന്നീട് 42ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാർഥ കോപ്പികൾ ഉണ്ട്'' പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്കു വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പിൽനിന്ന് 'മതേതരത്വം' ഒഴിവാക്കിയെന്നായിരുന്നു ആരോപണം.
കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്. അദ്ദേഹം വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ് സെക്കുലർ' എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ 'മതനിരപേക്ഷത', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുകയായിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ ആമുഖം വായിച്ചപ്പോൾ ഈ രണ്ടു വാക്കുകളും കണ്ടില്ല. എന്നാൽ ഞാൻ ഇവ സ്വന്തം നിലയ്ക്ക് ചേർത്ത് വായിച്ചു. വിഷയം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 1976-ൽ ഭേദഗതി വരുത്തിയാണ് ഈ വാക്കുകൾ ഉൾപ്പെടുത്തിയത്. നമ്മുടെ ഭരണഘടന മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ, അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
അതേ സമയം വിഷയത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്ത് വന്നു. രണ്ട് കാലഘട്ടത്തിന്റെ പ്രതീകമായി അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന.
അംബേദ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തത്. അത് പൊക്കി പിടിച്ചാണ് പുതിയ നാടകമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
(തൊഴുത്തിൽ)'കുത്ത് ' മുന്നണി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. 'ഭരണഘടനയിൽ നിന്ന് മതേതരത്വം പുറത്ത്.'
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗൃഹ പ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ സ്മരണിക കിറ്റിൽ നൽകിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്നാണ് ആരോപണം. യാഥാർഥ്യം ഇങ്ങനെ. രണ്ട് കാലഘട്ടത്തിന്റെ പ്രതീകമായി
അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന. അംബേദ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തത്. അത് പൊക്കി പിടിച്ചാണ് പുതിയ നാടകം.
ഒരു കാര്യത്തിൽ നന്ദിയുണ്ട് സാറേ....
നിങ്ങളുടെ ഓരോ നാടകം കഴിയുന്തോറും നാട്ടുകാർ യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്.




