ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്ലിസ്ഇഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) നേതാവ് അസദുദ്ദിൻ ഒവൈസി. കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും പൊതുവേദിയിലെ പ്രസംഗത്തിനിടെ ഒവൈസി പറഞ്ഞു. ബിജെപി, ബിആർഎസ്, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.

തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു. വയനാട്ടിൽ അല്ല ഇക്കുറി മത്സരിക്കേണ്ടതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. നേരത്തെ തെലങ്കാനയിലെ തുക്കുഗുഡയിലെ വിജയഭേരി സഭയിലാണ് രാഹുൽ മറ്റു പാർട്ടികൾക്കെതിരെ രംഗത്തുവന്നത്. തെലങ്കാനയിൽ കോൺഗ്രസിന്റെ പോരാട്ടം ബിആർഎസിനോട് മാത്രമല്ല. ബിആർഎസ്, ബിജെപി, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് കോൺഗ്രസ് നേരിടുന്നത്. അവർ വ്യത്യസ്ത പാർട്ടികളാണെന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തിക്കുന്നത് ഒരുപോലെയാണ്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോ ഒവൈസിക്കോ നേരേ സിബിഐഇഡി കേസുകളില്ലെന്നും, പ്രധാനമന്ത്രി അവരെ സ്വന്തം ആളുകളായാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോൺഗ്രസ് വിജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. 2024 ൽ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിദിൻ മീഡിയ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രതിപക്ഷത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടുവെന്നും വിയോജിപ്പുകൾ പരസ്പരം ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു പാർട്ടിക്കെതിരെയല്ല , ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലും ട്വിറ്ററും അടക്കം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നെന്നും ഇതെല്ലാം കണക്കിലെടുത്താണ് ഭാരത് ജോഡോ എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഒടുവിലാണ് തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസ് സ്ഥാനാർത്ഥി പട്ടിക ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അധികാരത്തിലെത്തിയാൽ നടപ്പാക്കാനുള്ള 'ആറ് ഉറപ്പുകൾ' അടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.