- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശമ്പളമായി നയാപൈസ പോലും വാങ്ങുന്നില്ല; സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്; പിന്നെങ്ങനെ മഡ്രിഡിൽ മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലിൽ കഴിയുന്നു'; മമതയ്ക്ക് ജനങ്ങളുടെ 'പെയിൻ' അറിയില്ലെന്ന് കോൺഗ്രസ്
കൊൽക്കത്ത: ബംഗാളിൽ ഡെങ്കി പനി പടരുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനർജി സ്പെയിൻ സന്ദർശനം തുടരുന്നതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മുഖ്യമന്ത്രിക്ക് സ്പെയിനിൽ പോകാം. പക്ഷേ, ആളുകളുടെ വേദന മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ല. ശമ്പളം വാങ്ങാത്ത മമതയ്ക്ക് എങ്ങനെ മാഡ്രിഡിൽ പ്രതിദിനം മൂന്നുലക്ഷം രൂപ കൊടുത്ത് ഹോട്ടലെടുക്കാൻ കഴിയുന്നുവെന്നും അധിർ ചോദിച്ചു. ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടി ഡൽഹിയിൽ കോൺഗ്രസും മമതാ ബാനർജിയും കൈകോർക്കുമ്പോൾ ബംഗാളിൽ ഇരുപാർട്ടികളും തമ്മിൽ പോര് രൂക്ഷമാകുകയാണ്.
ഡെങ്കി പനിയുടെ വ്യാപനം സംബന്ധിച്ച് കോൺഗ്രസ് നേരത്തേതന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ അത് അവഗണിച്ചു. അവർക്ക് സ്പെയിനിൽ പോകാം. പക്ഷേ ഇവിടത്തെ ജനങ്ങളുടെ 'പെയിൻ' (വേദന) അറിയാൻ കഴിയില്ലെന്ന് ചൗധരി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശമ്പളം വാങ്ങാറില്ലെന്ന് കേട്ടിട്ടുണ്ട്. പുസ്തകങ്ങളും പെയിന്റും വിറ്റുപോകുന്ന വരുമാനത്തിലൂടെയാണ് കഴിയുന്നത്. മാഡ്രിഡിൽ പ്രതിദിനം മൂന്നുലക്ഷം രൂപവരുന്ന ഹോട്ടലിൽ താമസിക്കാൻ കഴിയുന്നതെങ്ങനെയെന്നും അധിർ ചോദിച്ചു.
യാത്രയ്ക്ക് എത്ര ചെലവായെന്നും ഏത് വ്യവസായിയെയാണ് ഇതുവഴി കൊണ്ടുവന്നതെന്നും ചോദിച്ച അധിർ, ജനങ്ങളെ മണ്ടന്മാരാക്കരുതെന്നും മമതയെ വിമർശിച്ചു. ബംഗാളിൽ നിക്ഷേപം നടത്താൻ പോകുന്ന സ്പാനിഷ് കമ്പനികളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓഗ്സ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഡെങ്കു കേസുകൾ വ്യാപകമാകുന്നതു സംബന്ധിച്ച് ഞങ്ങൾ സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ സാധാരണക്കാരുടെ വിഷയങ്ങളെ സർക്കാർ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നും ചൗധരി പറഞ്ഞു.
സ്പെയിനിൽ മമത ബാനർജി ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനെയടക്കം ചൗധരി വിമർശിച്ചു. ''മുഖ്യമന്ത്രി ശമ്പളമായി നയാപൈസ പോലും വാങ്ങുന്നില്ലെന്നാണ് കേട്ടിരിക്കുന്നത്. സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്. എന്നാൽ മഡ്രിഡിൽ പ്രതിദിനം മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലിൽ എങ്ങനെ താമസിക്കാൻ കഴിയും. എത്ര രൂപയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നത്.
വിശ്വ ബംഗ്ല വ്യവസായ മീറ്റിനു വേണ്ടി നിങ്ങൾ ചെലവഴിച്ചതിന്റെ പത്തുശതമാനം തിരിച്ചുകിട്ടിയാൽ തന്നെ ബംഗാളിലെ ലക്ഷക്കണക്കിനു തൊഴിൽരഹിതർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും. ഏത് സ്പാനിഷ് കമ്പനിയാണ് ബംഗാളിൽ നിക്ഷേപം നടത്തുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്.''- ചൗധരി പറഞ്ഞു.
ബംഗാളിൽ അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് ആറു പേർ മരിച്ചു. ഈ വർഷം മാത്രം മുപ്പതോളം പേരാണു രോഗം ബാധിച്ചു മരിച്ചത്. കൊൽക്കത്ത, നോർത്ത് 24 പർഗനാസ്, നാദിയ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഡെങ്കിപ്പനി വ്യാപനം സംബന്ധിച്ച് സംസ്ഥാന സർക്കാർ കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ കുറ്റപ്പെടുത്തി. മറ്റു സംസ്ഥാന സർക്കാരുകൾ എല്ലാ വിവരങ്ങളും അവരുടെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്. ഈ വിവരങ്ങൾ പരിശോധിച്ച്, ഡെങ്കി, മലേറിയ പ്രതിരോധത്തിനുള്ള സഹായങ്ങൾ നൽകാൻ കേന്ദ്രത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.




