ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിച്ചെങ്കിലും മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ സന്തോഷവാനല്ലെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ 39 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് വിജയവർഗിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഡോർ-1ൽ നിന്നാണ് മത്സരിക്കുക. അതേ സമയം രണ്ടാം സ്ഥാനാർത്ഥിപ്പട്ടികയിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇടം ലഭിക്കാത്തത് അദ്ദേഹത്തെ തഴയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

''പാർട്ടി എനിക്ക് ടിക്കറ്റ് തന്നു. എന്നാൽ സത്യസന്ധമായി, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ശതമാനം പോലും ഞാൻ സന്തോഷവാനല്ല. ഈ തിരഞ്ഞെടുപ്പിൽ ഹെലികോപ്റ്റർ വഴി അഞ്ചും, കാറുകൾ വഴി മൂന്നും എന്നിങ്ങനെ എല്ലാ ദിവസവും എട്ട് യോഗങ്ങൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ല. അതിനാൽ ഞാൻ മത്സരിക്കണമെന്നത് ദൈവത്തിന്റെ ആഗ്രഹമാണെന്ന് കരുതുന്നു. സ്ഥാനാർത്ഥിഥ്വം ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല'' അദ്ദേഹം പറഞ്ഞു.

രണ്ടു പട്ടികകളിലായി ബിജെപി ഇതുവരെ 79 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി പ്രഖ്യാപിക്കാനുള്ള 151 സീറ്റുകളിൽ ചൗഹാനുമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. രണ്ടാമത്തെ പട്ടികയിൽ മൂന്ന് കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, മന്ത്രിമാരായ പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്‌തേ എന്നിവർക്കു പുറമേ, 4 സിറ്റിങ് എംപിമാരെയും രണ്ടാം പട്ടികയിലുണ്ട്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 109 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 114 സീറ്റുകൾ നേടി കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ, 15 മാസത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടർന്ന് കോൺഗ്രസ് സർക്കാർ വീണു. തുടർന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചു. 230 അംഗ നിയമസഭയിൽ നിലവിൽ 128 ആണ് ബിജെപിയുടെ അംഗബലം. കോൺഗ്രസിന് 98 എംഎൽഎമാരാണുള്ളത്.