ഗാന്ധിനഗർ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിപക്ഷം ഇതുവരെ പരിശ്രമിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതകളുടെ വികസനത്തിൽ പ്രതിപക്ഷത്തിന് സത്യസന്ധമായ താത്പര്യമുണ്ടായിരുന്നെങ്കിൽ ദശാബ്ദങ്ങളോളം വനിതാ സംവരണ ബിൽ നിഷേധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ സംഘടിപ്പിച്ച നാരീശക്തി വന്ദൻ അഭിനന്ദൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അവഗണിച്ചു. ബിജെപി സർക്കാർ ഇന്നത് യാഥാർത്ഥ്യമാക്കി. തന്റെ പേരിൽ ഒരു വീടുപോലും ഇല്ലെന്ന് പറഞ്ഞ മോദി, തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരായി മാറ്റിയെന്നും അവകാശപ്പെട്ടു. 2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇപ്പോൾ ഗുജറാത്തിലാണ്.

വനിതാ സംവരണ ബിൽ മൂന്ന് പതിറ്റാണ്ടോളമാണ് പ്രതിപക്ഷ പാർട്ടികൾ സ്തംഭിപ്പിച്ച് നിർത്തിയത്. ഒടുവിൽ ബിൽ പാസാക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സ്ത്രീകളെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് വേണ്ടിയുള്ള ജൻധൻ അക്കൗണ്ടുകൾ, ശൗചാലയങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ ഉജ്ജ്വല യോജനയെ പരിഹസിച്ചു. മുത്തലാഖിൽ നിന്ന് മുസ്ലിം സ്ത്രീകളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കേവലം രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷം ആശങ്കപ്പെട്ടതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

''ജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്ന എനിക്ക്, പാവപ്പെട്ടവർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയാം. ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ സർക്കാർ രാജ്യത്തുടനീളമുള്ള ജനങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചു നൽകി. ഞാൻ അതിൽ സംതൃപ്തനാണ്. മുൻ സർക്കാരുകളെപ്പോലെ പാവപ്പെട്ടവർക്ക് വീട് നൽകുന്നതിനെ ഒരു ഔദാര്യമായി നമ്മൾ കാണുന്നില്ല. മറിച്ച്, പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് അവർക്ക് മാന്യമായ ജീവിതം നൽകേണ്ടത് സർക്കാരിന്റെ കടമയായി ഞങ്ങൾ കരുതുന്നു''-മോദി പറഞ്ഞു.

''പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ വീടുകൾ നിർമ്മിക്കുന്നത്, അതും ഇടനിലക്കാരില്ലാതെ. നമ്മുടെ സ്ത്രീകളുടെ പേരിൽ ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ച് രജിസ്റ്റർ ചെയ്തു നൽകി. എന്റെ പേരിൽ വീടില്ലെങ്കിലും ലക്ഷക്കണക്കിന് പെൺമക്കളെ എന്റെ സർക്കാർ വീട്ടുടമകളാക്കി'' -മോദി അവകാശപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അവഗണിച്ചുവെന്നും ബിജെപി സർക്കാർ ഇന്നത് യാഥാർത്ഥ്യമാക്കിയെന്നും മോദി കുറ്റപ്പെടുത്തി.

''ഞങ്ങൾ മുത്തലാഖിൽ നിന്ന് മുസ്ലിം സ്ത്രീകളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ അവരുടെ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്...മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് ആശങ്കയില്ല. വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക... മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി അവർ നിലകൊണ്ടില്ല?'' മോദി ചോദിച്ചു.