ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കിടെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായി ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ നീക്കങ്ങൾ. ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഇന്ത്യ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമായി പുറത്തിറക്കി. 29 സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് എഎപി ഇതുവരെ 39 സീറ്റുകളിലേക്കാണു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 10 സീറ്റുകളിലേക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നീക്കം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ഒരുമിച്ച് മത്സരിക്കാനുള്ള സാധ്യതകൾ അനിശ്ചിതത്വത്തിലാക്കി.

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ രണ്ടു പ്രധാന കക്ഷികളാണ് എഎപിയും കോൺഗ്രസും. സംസ്ഥാനത്ത് കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടില്ല. അതേ സമയം എഎപി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സഖ്യനീക്കത്തിന് കനത്ത തിരിച്ചടിയാകും. എഎപിക്ക് സ്വാധീനമുള്ള ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ സമാനമായ നീക്കം തുടർന്നാൽ 'ഇന്ത്യ സഖ്യം' കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ഇരുപാർട്ടികളും മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷം ഒക്ടോബർ ആദ്യവാരം മധ്യപ്രദേശിലെ ഭോപാലിൽ ഇന്ത്യ സഖ്യം സംയുക്ത റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും റാലി റദ്ദാക്കിയതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പിന്നീട് അറിയിച്ചിരുന്നു.

അതേസമയം, എഎപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിൽ മുൻ ബിജെപി എംഎൽഎ മംമ്ത മീണയും ഇടംപിടിച്ചു. ചച്ചൗരയിൽനിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് മംമ്ത ബിജെപി വിട്ട് എഎപിയിൽ ചേർന്നത്. ഇതേ മണ്ഡലത്തിലാണ് എഎപി സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ഇതുവരെ മൂന്നു പട്ടികകളിലായി 79 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.