ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പിയെ രാവണനായി ചിത്രീകരിച്ചുകൊണ്ട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച പോസ്റ്ററിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രിയങ്ക ഗാന്ധി ചോദിച്ചു.

'ഏറെ ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾക്ക് യോജിപ്പുണ്ടോ? ധാർമികതയെക്കുറിച്ച് നിങ്ങൾ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങൾ പോലെ, പ്രതിജ്ഞകളും നിങ്ങൾ മറന്നുപോയോ', പ്രിയങ്ക എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു

കോൺഗ്രസ് പാർട്ടിയുടെ നിർമ്മാണം, ജോർജ് സോറോസിന്റെ സംവിധാനം എന്ന കുറിപ്പോടെയാണ് ഏഴുതലകളോടുകൂടിയ രാഹുലിന്റെ പോസ്റ്റർ ബിജെപി. എക്സിൽ പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രാവേളയിലുള്ള രാഹുലിന്റെ താടിയുള്ള ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിട്ടുള്ളത്. 'ഇതാ പുതിയകാലത്തെ രാവണൻ. വിനാശകാരിയാണ് അയാൾ. ധർമവിരുദ്ധൻ. രാമവിരുദ്ധൻ. അയാളുടെ ലക്ഷ്യം ഭാരതത്തെ തകർക്കലാണ്' എന്നും ബിജെപിയുടെ ട്വീറ്റിലുണ്ട്. ഭാരതം അപകടത്തിലാണ് എന്ന് പോസ്റ്ററിന്റെ മുകൾഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കോൺഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമർശിച്ച് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വരികയും രാഹുലിനെ ദ്രോഹിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.