ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 144 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ജനപ്രിയ നടൻ വിക്രം മസ്താലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചൗഹാനെതിരേ ബുദ്ദി മണ്ഡലത്തിലായിരിക്കും വിക്രം മത്സരിക്കുക. ടെലിവിഷൻ ഷോ ആയ രാമായണയിലെ ഹനുമാൻ റോളിൽ തിളങ്ങിയതോടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്.

ആനന്ദ് സാഗറിന്റെ 2008ലെ പരമ്പരയായ രാമായണത്തിൽ ഹനുമാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിക്രം മസ്തൽ പ്രേക്ഷക പ്രീതി നേടിയത്. ഈ വർഷം ജൂലൈയിലാണ് വിക്രം മസ്തൽ കോൺഗ്രസിൽ അംഗത്വം നേടിയത്. മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പ്രവേശനം. ആദ്യമായാണ് മസ്തൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

കോൺഗ്രസ് ഞായറാഴ്ച പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലാണ് വിക്രം മസ്താലുള്ളത്. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ് ഛിന്ദ്വാര മണ്ഡലത്തിൽനിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനും മുൻ മന്ത്രിയുമായ ജയ്വർധൻ സിങ്ങിനും സീറ്റ് അനുവദിച്ചു. രാഖിഗാത്തിൽനിന്നാണ് അദ്ദേഹം ജനവിധി തേടുക.

230 അംഗ നിയമസഭയിലേക്കുള്ള 144 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ജനറൽ വിഭാഗം-47, ഒ.ബി.സി.-39, എസ്.സി./ എസ്.ടി.-52, മുസ്ലിം-1, വനിതകൾ-19 എന്നിങ്ങനെയാണ് കോൺഗ്രസിന്റെ പ്രഖ്യാപിത സ്ഥാനാർത്ഥിപ്പട്ടിക.

ബിജെപിയുടെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് ശിവരാജ് സിങ് ചൗഹാന്റെ പേരുണ്ടായിരുന്നത്. ചൗഹാനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ ചോദ്യങ്ങൾ ഉയരുന്നതിനിടെ ആയിരുന്നു ഇത്. ബുദ്ദി നിയമസഭാ സീറ്റ് ശിവരാജ് ചൗഹാന്റെ ശക്തികേന്ദ്രമാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവിനെ പരാജയപ്പെടുത്തി 58,999 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചൗഹാൻ ബുദ്ദി സീറ്റിൽ വിജയിച്ചത്.

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് ഇന്നാണ് പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിന്റെ മകൻ ജയവർധൻ സിങ് രാഘിഗഠ് സീറ്റിലാണ് മത്സരിക്കുക. കമൽനാഥ് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു അദ്ദേഹം.

ജനറൽ വിഭാഗത്തിൽ നിന്ന് 47 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 39 പേരും എസ്ടി വിഭാഗത്തിൽ നിന്ന് 30 പേരും എസ്സി വിഭാഗത്തിൽ നിന്ന് 22 പേരും മുസ്ലിമായ ഒരാളും കോൺഗ്രസിന്റെ ആദ്യ പട്ടികയിലുണ്ട്. 19 സ്ത്രീകൾ സ്ഥാനാർത്ഥികളാണ്. സ്ഥാനാർത്ഥികളിൽ 65 പേർ 50 വയസ്സിന് താഴെയുള്ളവരാണ്. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും.