- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്; എനിക്കന്ന് 19 വയസ്സ് മാത്രം; അവർ എന്റെ അമ്മയെ സ്വന്തം കൈകളാൽ ചേർത്തുപിടിച്ചു; തമിഴ്‌നാട്ടിലെ അമ്മമാരുമായി ഗാഢബന്ധം'; കണ്ണീരണിഞ്ഞ ഓർമ പങ്കുവച്ച് പ്രിയങ്ക
ചെന്നൈ: പിതാവ് രാജീവ് ഗാന്ധിയുടെ വിയോഗ സമയത്ത് തന്നെയും അമ്മ സോണിയ ഗാന്ധിയെയും ചേർത്തുപിടിച്ച തമിഴ്‌നാട്ടിലെ അമ്മമാരുമായുള്ള ഹൃദയബന്ധം തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശ്രീപെരുമ്പത്തൂരിൽ സ്‌ഫോടനത്തിൽ രാജീവ് ദാന്ധി കൊല്ലപ്പെട്ട സന്ദർഭത്തിൽ തമിഴ്‌നാട്ടിൽ എത്തിയപ്പോൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കം അനുകമ്പയോടെ പെരുമാറിയത് ഓർമപ്പെടുത്തിയാണ് പ്രിയങ്കയുടെ വികാരനിർഭരമായ പ്രതികരണം. ഡി.എം.കെ സംഘടിപ്പിച്ച വനിതാ അവകാശ പ്രഖ്യാപന സമ്മേളനത്തിൽ വികാര നിർഭര പ്രസംഗമാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ചത്.
മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പിതാവ് രാജീവ് ഗാന്ധി 1991ൽ ശ്രീപെരുമ്പത്തൂരിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി, ജീവിതത്തിലെ ഏറ്റവും ഇരുൾ നിറഞ്ഞ വേളയിൽ തമിഴ്‌നാട്ടിലെത്തിയപ്പോൾ ഇവിടുത്തെ അമ്മമാർ തങ്ങളെ ചേർത്തുനിർത്തിയതിന്റെ കണ്ണീരണിഞ്ഞ ഓർമകളാണ് പ്രിയങ്ക പങ്കുവെച്ചത്.
'32 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാടെന്ന ഈ മണ്ണിൽ ഞാൻ ആദ്യമായി കാലുകുത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുട്ടേറിയ നിമിഷങ്ങളിലായിരുന്നു. പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്. എനിക്കന്ന് 19 വയസ്സു മാത്രമാണ് പ്രായം. എന്റെ അമ്മയാകട്ടെ, ഇപ്പോൾ ഞാനെത്തിനിൽക്കുന്ന പ്രായത്തിനും കുറച്ചു വർഷങ്ങൾ ഇളപ്പമായിരുന്നു.
A monumental evening with Madam Sonia Gandhi, @priyankagandhi, and our nation's strongest women leaders at the #WomensRightsConference.
- M.K.Stalin (@mkstalin) October 15, 2023
Immense gratitude to @KanimozhiDMK & @DMKWomensWing. Marching steadfast towards equality! #WomensRights pic.twitter.com/dVmOdxyv8e
വിമാനത്തിന്റെ വാതിലുകൾ തുറന്നതും, കൂരിരുട്ടിലേക്കായിരുന്നു ആ രാത്രി ഞങ്ങളെ ആനയിച്ചത്. പക്ഷേ, അതൊരിക്കലും എന്നെ ഭയപ്പെടുത്താൻ പോന്നതായിരുന്നില്ല. കാരണം, ഊഹിക്കാൻ പറ്റുന്നതിൽ ഏറ്റവും മോശമായത് അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു.
അതിനു കുറച്ച് മണിക്കൂറുകൾക്കു മുമ്പാണ് എന്റെ പിതാവ് കൊല്ലപ്പെട്ടത്. ആ രാത്രിയിൽ അമ്മയോടൊപ്പം നടക്കുന്നതിനിടെ എനിക്കറിയാമായിരുന്നു, അവരോട് സംസാരിക്കുമ്പോൾ ആ വാക്കുകളെല്ലാം എന്റെ ഹൃദയം നുറുക്കുന്നതായിരിക്കുമെന്ന്. എന്നിട്ടും ഞാനവരോട് സംസാരിച്ചുകൊണ്ടിരുന്നു. സന്തോഷത്തിന്റെ പ്രകാശം അവരുടെ കണ്ണുകളിൽനിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്ന് അപ്പോൾ ഞാനറിഞ്ഞു.
A monumental evening with Madam Sonia Gandhi, @priyankagandhi, and our nation's strongest women leaders at the #WomensRightsConference.
- M.K.Stalin (@mkstalin) October 15, 2023
Immense gratitude to @KanimozhiDMK & @DMKWomensWing. Marching steadfast towards equality! #WomensRights pic.twitter.com/dVmOdxyv8e
മീനമ്പാക്കം എയർപോർട്ട് ടെർമിനലിൽ വിമാനത്തിന്റെ പടികൾ ഇറങ്ങിക്കൊണ്ടിരിക്കേ, ഞെട്ടലും ഏകാന്തതയുമായിരുന്നു ചുറ്റിലും. പെട്ടെന്ന്, നീല സാരിയണിഞ്ഞ ഒരുകൂട്ടം സ്ത്രീകൾ ഞങ്ങളെ വലയം ചെയ്ത് ചുറ്റും കൂടി. ഞങ്ങളെ തോൽപിച്ചുകളഞ്ഞ ദൈവം, അവരെ ഞങ്ങളുടെ അടുക്കലേക്ക് പറഞ്ഞയച്ചതുപോലെയാണ് തോന്നിയത്.
വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരായിരുന്നു ആ സ്ത്രീകൾ. അവർ എന്റെ അമ്മയെ സ്വന്തം കൈകളാൽ ചേർത്തുപിടിച്ചു. എന്നിട്ട് അവർക്കൊപ്പം ആശ്വസിപ്പിക്കാനാവാത്ത തരത്തിൽ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ സ്വന്തം അമ്മമാരെപ്പോലെയാണ് എനിക്കവരെ അനുഭവപ്പെട്ടത്. അവരുടെ പ്രിയപ്പെട്ട ആരെയോ നഷ്ടമായതു പോലെ തകർന്നവരായിരുന്നു ഞങ്ങളെപ്പോലെ ആ അമ്മമാരുമപ്പോൾ.
പങ്കുവെക്കപ്പെട്ട ആ കണ്ണീരിൽ തമിഴ്‌നാട്ടിലെ അമ്മമാരുമായും എന്റെ ഹൃദയവുമായും ഒരു ഗാഢബന്ധം രൂപംകൊള്ളുകയായിരുന്നു. അതെനിക്ക് ഒരിക്കലും വിശദീകരിക്കാനാവാത്തതാണ്, അതുപോലെ മറക്കാനാവാത്തതും' -പ്രിയങ്ക പറഞ്ഞു. എഴുതിത്ത്തയ്യാറാക്കിയ വാക്കുകളിൽ, തമിഴിൽ വീണ്ടും കുറച്ചു വാചകങ്ങൾ കൂടി സംസാരിച്ച് സദസ്സിന്റെ മനസ്സു കീഴടക്കിയാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.