- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹുവ മൊയ്ത്ര എം പിക്കെതിരെ കൈക്കൂലി ആരോപണം കടുപ്പിച്ച് ബിജെപി; ഞെട്ടിക്കുന്നതെന്ന് ഐ.ടി മന്ത്രി; 'കമ്പനിയെ തകർക്കാൻ ചിലർ 'ഓവർടൈം' പ്രവർത്തിക്കുന്നു'വെന്ന് അദാനി ഗ്രൂപ്പ്; അന്വേഷണം നടക്കട്ടെയെന്ന് മഹുവ
ന്യൂഡൽഹി: ലോക്സഭയിൽ ചോദ്യം ചോദിക്കാൻ പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ബിജെപി എംപി നിഷികാന്ത് ദുബെ ആരോപണത്തിന് പിന്നാലെ വിമർശനം ഉന്നയിച്ച് അദാനി ഗ്രൂപ്പ്. പുതിയ ആരോപണം തങ്ങളുടെ സൽപ്പേരും കീർത്തിയും വിപണിയിലെ സ്ഥാനവും അപകീർത്തിപ്പെടുത്താൻ ചില വ്യക്തികളും ഗ്രൂപ്പുകളും അധികസമയം ജോലിചെയ്യുന്നുവെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. അദാനി ഗ്രൂപ്പിന്റേയും ചെയർമാൻ ഗൗതം അദാനിയുടേയും കീർത്തിയും താത്പര്യങ്ങളും കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ 2018 മുതൽ നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദാനി ഗ്രൂപ്പ് വക്താവ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.
വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ തൃണമൂൽ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.
മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാനായി പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് എംപി. കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രായി സിബിഐയിൽ സത്യവാങ്മൂലമായി പരാതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ.സി.സി.ആർ.പി. അടക്കം ചില അന്തർദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകി ആരോപിച്ചു.
കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ഇന്ന് ട്വീറ്റ് ചെയ്തത്.
അതേസമയം, മഹുവ മൊയ്ത്രയ്ക്കെതിരെ വീണ്ടും ആരോപണവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. ലോക്സഭാ വെബ്സൈറ്റിന്റെ ലോഗിൻ ഐ.ഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഹിരാനന്ദാനിക്കും നൽകിയോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ഐ.ടി. മന്ത്രി അശ്വിനി വൈഷണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും കത്ത് നൽകി. ദേശീയ സുരക്ഷയടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് ദുബെ കത്തിൽ ആരോപിക്കുന്നു. മഹുവയുടെ സാന്നിധ്യമില്ലാതിരുന്ന സ്ഥലങ്ങളിൽനിന്ന് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്തോയെന്നതടക്കം അന്വേഷിക്കണമെന്നും ബിജെപി. എംപി. ആവശ്യപ്പെട്ടു.
അതിനിടെ, എംപിക്കെതിരായ ആരോപണം സത്യമാണെങ്കിൽ ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. എംപിയുടെ നടപടി പരിഹാസ്യവും പാർലമെന്ററി ചോദ്യങ്ങളുടെ ദുരുപയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഐ.ടി. കമ്മിറ്റിയിലേയും ഡാറ്റാ പ്രൊട്ടക്ഷൻ സംയുക്ത പാർലമെന്ററി സമിതിയിലേയും അംഗമാണെന്നും തന്റേത് സാധുവായ ചോദ്യമാണെന്നും രാജീവ് ചന്ദ്രശേഖരന്റെ എക്സിലെ കുറിപ്പിനു താഴെ മഹുവ മൊയ്ത്ര മറുപടി നൽകി. താൻ മറ്റുള്ളവർക്കുവേണ്ടി ചോദ്യമുന്നയിക്കുന്നുവെന്ന് ആരോപിച്ച തന്റെ ബുദ്ധിയെ അപമാനിക്കരുതെന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ