ജയ്പുർ: രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. അഭ്യൂഹങ്ങൾക്കിടെ ബിജെപി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിലാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യ ഇടംപിടിച്ചത്. 83 സ്ഥാനാർത്ഥികളാണു പട്ടികയിലുള്ളത്. ഝാൽറാപാഠൻ മണ്ഡലത്തിൽനിന്നു തന്നെയാണ് വസുന്ധര ജനവിധി തേടുന്നത്. ആംബറിൽനിന്ന് സതീഷ് പുനിയയും താരാനഗറിൽനിന്ന് രാജേന്ദ്ര റാഥോഡും മൽസരിക്കും. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജ്യോതി മിർധ നാഗൗർ സീറ്റിലാണു മൽസരിക്കുന്നത്.

കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിൽ നവംബർ 23-നാണു 200 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഡിസംബർ മൂന്നിനു ജനവിധി അറിയാം. സംസ്ഥാനത്ത് ബിജെപി നടത്തിയ പരിവർത്തൻ യാത്രയുടെ അവസാനഘട്ടത്തിൽ വസുന്ധര വിട്ടുനിന്നത് ചർച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി ഉയർത്തിക്കാട്ടാത്തതാണ് വസുന്ധരയുടെ അതൃപ്തിക്കു കാരണമെന്നു റിപ്പോർട്ടുണ്ട്.

വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ബിജെപി ദേശീയ നേതൃത്വത്തിനു വിമുഖതയുണ്ടെന്നു സൂചന. പകരം, കൂട്ടായ നേതൃത്വമെന്ന നിലയിൽ സംസ്ഥാനത്തെ മുൻനിര നേതാക്കളെ അണിനിരത്താനാണു താൽപര്യം. വസുന്ധര രാജെയും സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയകേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള പോരാണ് ബിജെപിക്ക് പ്രതിസന്ധി.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാണെന്നു പ്രഖ്യാപിക്കാതെ മോദിയുടെ പ്രതിഛായയുടെ പേരിൽ വോട്ടു തേടി മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച തന്ത്രം ഇവിടെയും പയറ്റാമെന്നാണ് കണക്കു കൂട്ടൽ. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു തോറ്റെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റും നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു, ബിജെപി. അതിനു ശേഷം നടന്ന 7 ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിലും തോറ്റു.

അതേ സമയം രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ആകെ 33 പേരാണ് ആദ്യപട്ടികയിൽ ഇടംപിടിച്ചത്. മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ പൈലറ്റും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അശോക് ഗലോട്ട് സർദാർപുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിലും മത്സരിക്കും. സ്ഥാനാർത്ഥികളുടെ പേരുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളും പാർട്ടി നേതാക്കൾ ചർച്ച ചെയ്തു.

രാജസ്ഥാൻ അസംബ്ലി സ്പീക്കർ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. രാജസ്ഥാന കോൺ?ഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര ലച്ച്മംഗഢിൽ നിന്നും ജനവിധി തേടും. അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രാജസ്ഥാൻ കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന്, കേന്ദ്രനേതാക്കളുടെ ഇടപെടലോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു.