- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹുവ മൊയ്ത്ര ഇന്ത്യയിലായിരിക്കെ പാർലമെന്റ് ലോഗിൻ ദുബായിൽ ഉപയോഗിച്ചു; വിവരം അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്ന് ബിജെപി; വിവാദങ്ങളിൽ മൗനം പാലിച്ച് മമതയും തൃണമൂലും\
ന്യൂഡൽഹി: ആദാനി ഗ്രൂപ്പിനെതിരെ ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന വിവാദങ്ങൾക്കിടെ മഹുവയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. മഹുവ ഇന്ത്യയിൽ കഴിയവെ അവരുടെ പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്വേഡ് ദുബായിൽ ഉപയോഗിച്ചെന്നാണ് മഹുവയ്‌ക്കെതിരായ പുതിയ ആരോപണം. മഹുവ ഇന്ത്യയിലുള്ളപ്പോഴാണ് വിദേശത്ത് അക്കൗണ്ട് തുറന്നതെന്ന് ഏജൻസികൾ കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഈ വിവരം നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്റർ(എൻഐസി) അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും ദുബെ അറിയിച്ചു.
'ഒരു എംപി രാജ്യത്തിന്റെ സുരക്ഷ പണത്തിനു വേണ്ടി പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലായിരിക്കെ ആ എംപിയുടെ പാർലമെന്റ് ലോഗിൻ ദുബായിൽനിന്ന് ആരോ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജൻസികൾ എന്നിവർ ഉപയോഗിക്കുന്നതാണ് ഈ സംവിധാനമെന്ന് ഓർക്കണം. തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ഇനിയും ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കുമോ? ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. എൻഐസി ഈ വിവരങ്ങളെല്ലാം അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.' മഹുവയുടെ പേര് പരാമർശിക്കാതെ ദുബെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അതിനിടെ മഹുവയ്‌ക്കെതിരെ ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തുവന്നു. മഹുവയെ തൃണമൂൽ കയ്യൊഴിഞ്ഞ അവസ്ഥയിലാണെന്ന് മാളവ്യ പറഞ്ഞു. പാർട്ടി നേതാക്കൾ അറസ്റ്റിലാകുമ്പോഴൊക്കെ തൃണമൂൽ നേതൃത്വവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹുവയ്‌ക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് തൃണമൂൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണം ആർക്കെതിരെയാണോ ഉയർന്നത് അവർ തന്നെ അതിൽ മറുപടി നൽകുന്നതാണ് നല്ലതെന്നാണ് ബംഗാളിലെ തൃണമൂലിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായി കുനാൽ ഘോഷ് അഭിപ്രായപ്പെട്ടത്.
അദാനിയെക്കുറിച്ച് പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ പിന്തുണയ്ക്കാനിറങ്ങാതെ എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കട്ടെയെന്ന നിലപാടായിരുന്നു പാർട്ടിക്ക്.
മഹുവയ്‌ക്കെതിരേ ഉയർന്ന് ആരോപണത്തിൽ ഉചിതമായ സമയത്ത് പാർട്ടിയുടെ പ്രതികരണം വരുമെന്നായിരുന്നു മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത്. മഹുവയുടെ സഹപ്രവർത്തകരായ പാർട്ടിയിലെ പാർലമെന്റംഗങ്ങളാരും തന്നെ ഇതുവരെ മിണ്ടിയിട്ടില്ല. വിവാദത്തെ പാർട്ടി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തൃണമൂലിന്റെ രാജ്യസഭാംഗം ശന്തനു സെൻ കഴിഞ്ഞദിവസം പ്രതികരിച്ചത്.
മഹുവ പ്രതിക്കൂട്ടിലായ വിവാദത്തിൽ ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടുന്ന പാർട്ടിയുടെ ഉന്നതനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് വിവരം. നേതൃത്വത്തോടോ സഹ എംപി.മാരോടോ കാര്യമായ ബന്ധമില്ലാത്ത മഹുവയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്നറിയുന്നു. പാർട്ടിനേതാവ് മമതയുമായും മഹുവ സ്വരച്ചേർച്ചയിലല്ലെന്നാണ് വിവരം. മഹുവ വിഷയത്തിൽ അഴിമതിയുണ്ടോയെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയില്ല. പ്രശ്‌നം മഹുവതന്നെ കൈകാര്യം ചെയ്യട്ടെയെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുള്ളത്.
ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ അനന്തരവൻ അഭിഷേക് ബാനർജിയോ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവോ ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും ശ്രദ്ധേയം.
അതേസമയം, തനിക്കെതിരെയുള്ള ആരോപണത്തെ ഒറ്റക്കാണ് മഹുവ നേരിടുന്നത്. വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് അഭിഷേക് ബാനർജിയുമായി അടുത്ത നേതാവ് കുനാൽ ഘോഷ് പറഞ്ഞത്. മഹുവയെക്കുറിച്ച് പാർട്ടിക്ക് ഒന്നും പറയാനില്ല. ഈ വിഷയത്തിൽ ടിഎംസി ഒരു പ്രതികരണവും പുറപ്പെടുവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയിൽ നിന്നോ അഭിഷേകിൽ നിന്നോ ഉണ്ടാകുമെന്ന് മറ്റൊരു ടിഎംസി നേതാവും വ്യക്തമാക്കി.
ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയിൽ നിന്ന് മഹുവയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കാൻ മഹുവ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും നൽകിയെന്ന് സമ്മതിച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലം പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയുടെ മുന്നിലാണ്. ലോഗിൻ ഐഡിയും പാസ്വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ മഹുവ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചു.
ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽനിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നു കാട്ടി മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ് സിബിഐക്ക് ഏതാനും ദിവസം മുൻപ് പരാതി നൽകിയതാണ് വിവാദങ്ങൾക്കു തുടക്കം. ജയ് ആനന്ദിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്കും പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉയർന്ന ആരോപണം ആദ്യം ദർശൻ നിഷേധിച്ചു. എന്നാൽ ആരോപണം ശരിയാണെന്ന് വ്യാഴാഴ്ച ഇദ്ദേഹം ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്കു സത്യവാങ്മൂലം നൽകിയതോടെ വിവാദം ചൂടുപിടിച്ചു.
പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തിയാണു ഈ സത്യവാങ്മൂലം എഴുതിച്ചതെന്നായിരുന്നു മഹുവയുടെ മറുപടി. ഈ മാസം 26ന് ഹാജരാകാൻ ജയ് ആനന്ദിനും നിഷികാന്ത് ദുബെയ്ക്കും എത്തിക്‌സ് കമ്മിറ്റി നോട്ടിസ് നൽകിയിട്ടുണ്ട്.




