നാഗ്പുർ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും വേണ്ട തയ്യാറെടുപ്പ് നടത്താൻ മോഹൻ ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22ന് പ്രതിഷ്ഠാചടങ്ങുകൾ നടക്കുന്നതിന് മുന്നോടിയായി ജനുവരി 14 മുതൽ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കും.

'ഇന്ന് ലോകം, അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയെ ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. ഇന്ത്യ ലോകശക്തിയായി വളരുകയാണ്. പല മേഖലകളും വികസിക്കുകയാണ്. വോട്ടു ചെയ്യുകയെന്നത് പൗരന്മാരുടെ കടമയാണ്. എല്ലാവരും വളരെ ചിന്തിച്ച്, ആരു നല്ലത് ചെയ്തുവെന്ന് ആലോചിച്ച് വേണം വോട്ട് ചെയ്യാൻ. വളരെ നാളത്തെ അനുഭവങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്' മോഹൻ ഭാഗവത് പറഞ്ഞു.

ജി 20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ക്ഷേത്രങ്ങളിൽ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. ചന്ദ്രയാനേയും ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടവും മോഹൻ ഭഗവത് പ്രശംസിച്ചു. ചടങ്ങിൽ ഗായകൻ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിൻ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.

2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതൽ പ്രതിഷ്ഠ പൂജകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി 5 ദിവസം അയോധ്യയിൽ തങ്ങുകയും ചെയ്യും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.