- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സാംസ്കാരിക പരിപാടികൾ മാത്രമല്ല, ഹേമമാലിനിയെ വരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചു'; ദാതിയയിലെ വികസനം പറയവെ വിവാദ പ്രസ്താവനയുമായി നരോത്തം മിശ്ര; സ്വന്തം പാർട്ടിയുടെ എംപിയെപ്പോലും മന്ത്രി വെറുതെവിടുന്നില്ലെന്ന് കോൺഗ്രസ്
ഭോപ്പാൽ: ദാതിയയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കവെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര നടത്തിയ പരാമർശം വിവാദത്തിൽ. ബിജെപി എം പിയായ നടി ഹേമമാലിനിയുടെ പേര് പരാമർശിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് വഴിവച്ചത്. സ്വന്തം പാർട്ടിയിലെ എംപിയെപ്പോലും മന്ത്രി വെറുതെ വിടുന്നില്ലെന്നും സ്ത്രീവിരുദ്ധ പരാമർശമാണ് നടത്തിയതെന്നുമാണ് വിമർശനം. നരോത്തം മിശ്ര ദാതിയയിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.
ദാതിയയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നരോത്തം മിശ്ര- 'സാംസ്കാരിക പരിപാടികൾ മാത്രമല്ല സംഘടിപ്പിച്ചത്, ഹേമമാലിനിയെ വരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചു. അത്രയധികം വികസനം ദാതിയയിൽ കൊണ്ടുവന്നു.'
संस्कारी भाजपा के माननीय मंत्री जी का महिलाओं को लेकर वास्तविक ओछापन भी सुनें। अपने दल की नेता को भी नहीं बख्शते। https://t.co/Y6v59GdwIO
- digvijaya singh (@digvijaya_28) October 26, 2023
പിന്നാലെ വിമർശനവുമായി കോൺഗ്രസും ജനതാദൾ യുണൈറ്റഡും രംഗത്തെത്തി. ഹേമമാലിനി ബിജെപി എംപിയാണ്. സ്വന്തം പാർട്ടിയുടെ എംപിയെപ്പോലും നരോത്തം മിശ്ര വെറുതെവിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗിന്റെ വിമർശനം. ബിജെപിയുടെ ബഹുമാനപ്പെട്ട മന്ത്രിയുടെ സ്ത്രീകളോടുള്ള നീചമായ പെരുമാറ്റം കാണൂ എന്ന അടിക്കുറിപ്പോടെ ദിഗ്വിജയ സിങ് സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തു. 'ലജ്ജാവഹമായ പരാമർശം. സ്വന്തം പാർട്ടിയിലെ എംപിയായ ഹേമമാലിനിയെ കുറിച്ച് വരെ മോശമായ പരാമർശം നടത്തി'- എന്നാണ് ജെഡിയു എക്സിൽ കുറിച്ചത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം തവണയാണ് നരോത്തം മിശ്ര ദാതിയയിൽ നിന്ന് മത്സരിക്കുന്നത്. 2008, 2013, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിശ്ര ദാതിയയിൽ നിന്ന് വിജയിച്ചു.
തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് പരാമർശം നടത്തി നേരത്തെ മധ്യപ്രദേശിലെ മറ്റൊരു ബിജെപി എംഎൽഎ വിവാദത്തിൽപ്പെട്ടിരുന്നു. ജബേരയിൽ നിർമ്മിക്കുന്ന റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതായിരിക്കുമെന്നാണ് ധർമേന്ദ്ര സിങ് ലോധി എന്ന എംഎൽഎ പറഞ്ഞത്. റോഡ് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിലായിരുന്നു പരാമർശം.
ഇപ്പോൾ ഏത് നടിയാണ് നന്നായി അഭിനയിക്കുന്നതെന്ന് എംഎൽഎയോട് ആരോ സദസ്സിൽ നിന്ന് ചോദിച്ചു. കത്രീന കൈഫ് എന്ന മറുപടി സദസ്സിൽ നിന്നു വന്നു. എന്നാൽ കത്രീനയ്ക്ക് വയസ്സായി എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ഈ പരാമർശത്തിനെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ