ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്നു പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ത്യ എന്ന പേര് ഉപയോഗിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവർ വ്യക്തമാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമം (ആർപി ആക്ട്) പ്രകാരം ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മാത്രമേ കമ്മിഷന് അധികാരമുള്ളൂവെന്നും സത്യാവാങ്മൂലത്തിൽ പറഞ്ഞു.

രാഷ്ട്രീയ സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം. എന്നാൽ 'ഇന്ത്യ' എന്നു പേരു നൽകാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച അഭിപ്രായപ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷനൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ചുരുക്കപ്പേരാണ് 'ഇന്ത്യ'. ഇതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

ഓഗസ്റ്റിൽ ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. കേസിൽ കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.