- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ സഖ്യം രൂപീകരിച്ചതല്ലാതെ മറ്റൊന്നും നടക്കുന്നില്ല; കോൺഗ്രസിനു കൂടുതൽ താത്പര്യം തിരഞ്ഞെടുപ്പിൽ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ വിളിക്കുമായിരിക്കും'; കോൺഗ്രസ് നേതൃത്വത്തിനെതിരെ നിതീഷ് കുമാർ
പട്‌ന: ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച 'ഇന്ത്യ' സഖ്യം മുന്നോട്ടു പോകുന്നില്ലെന്ന ആക്ഷേപവുമായി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. കോൺഗ്രസിനു കൂടുതൽ താത്പര്യം തിരഞ്ഞെടുപ്പിലാണെന്നും, സഖ്യത്തിലല്ലെന്നും കുറ്റപ്പെടുത്തിയാണ് നിതിഷ് കുമാർ രംഗത്ത് വന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച 28 പാർട്ടികളുടെ സഖ്യത്തിൽ കാര്യമായ പുരോഗതി നേടുന്നില്ലെന്നും സഖ്യത്തിൽ ഒന്നും നടക്കുന്നില്ലെന്നും നിതീഷ് കുമാർ പട്‌നയിൽ പ്രതികരിച്ചു.
'ഇന്ത്യയുടെ ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പാർട്ടികളോടും ഒരുമിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പട്‌നയിലും മറ്റു സ്ഥലങ്ങളിലും യോഗങ്ങളും നടന്നു. എന്നാൽ ഇന്ത്യ സഖ്യം രൂപവത്കരിച്ചതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിനു കൂടുതൽ താത്പര്യം. കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ അവർക്ക് ഇതിലൊന്നും യാതൊരു ആശങ്കയുമില്ല. 5 സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ അവർ തന്നെ ഞങ്ങളെ വിളിക്കുമായിരിക്കും.'- നിതിഷ് കുമാർ പറഞ്ഞു.
നിതിഷിന്റെ അഭിപ്രായത്തിനു പിന്നാലെ ഇന്ത്യ സഖ്യത്തിന് യാതൊരു കാഴ്ചപ്പാടും ലക്ഷ്യവുമില്ലെന്ന് ബിജെപി ആരോപിച്ചു. വൈരുദ്ധ്യവും, ആശയക്കുഴപ്പവും, അഴിമതിയും, മോഹവും നിരാശയും അസ്വസ്ഥതയും നിറഞ്ഞതാണ് ഈ സഖ്യമെന്നും ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല കുറ്റപ്പെടുത്തി
'മധ്യപ്രദേശിൽ എസ്‌പിയും കോൺഗ്രസും തമ്മിലാണ് മത്സരം, ബിഹാർ മുഖ്യമന്ത്രി ഇന്ന് കോൺഗ്രസിനെ വിമർശിച്ചു. അതിനുമുൻപ് ഡൽഹിയിലും പഞ്ചാബിലും എഎപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. പശ്ചിമബംഗാളിൽ അധീർ രഞ്ജൻ ചൗധരിയും മമതാ ബാനർജിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, കേരളത്തിൽ കോൺഗ്രസും ഇടതും തമ്മിലാണത്. ഇതിൽ നിന്നുതന്നെ സഖ്യത്തിന് യാതൊരു കാഴ്ചപ്പാടും ദൗത്യവുമില്ലെന്ന് വ്യക്തമാണ്.'- ഷെഹ്‌സാദ് പൂനവാല പറഞ്ഞു.




