- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിവാഹേതര ലൈംഗിക ബന്ധത്തിൽ സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കണം'; കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി; വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് ചിദംബരം
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള ഭാരതീയ ശിക്ഷ നിയമത്തിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. കേന്ദ്ര ആഭ്യന്തര മന്ത്രലായവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടേതാണ് ശുപാർശ. എന്നാൽ, സമിതി അംഗമായ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ശുപാർശയോട് വിയോജിപ്പ് രേഖപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനുശേഷവും ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവർഗ്ഗ രതിയിൽ ഏർപെട്ടവർക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ ഭാരതീയ ശിക്ഷാ നിയമത്തിൽ ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവർഗ്ഗ രതിയിൽ ഏർപെടുന്നവർക്കെതിരെ പോലും നടപടി എടുക്കാൻ വ്യവസ്ഥയില്ല.
ഈ പോരായ്മ പരിഹരിക്കണമെന്നാണ് രാജ്യസഭാ അംഗവും, ബിജെപി നേതാവുമായ ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള പാർലമെന്ററി സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോരായ്മ പരിഹരിച്ചില്ലെങ്കിൽ ബലപ്രയോഗത്തിലൂടെയുള്ള സ്വവർഗ രതി നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകും എന്നും സമിതി കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്രത്തിന് അംഗീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യാം.
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ലിംഗ സമത്വം ഉറപ്പാക്കി ഈ വ്യവസ്ഥ ഭാരതീയ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തണം എന്നാണ് പാർലമെന്ററി സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.
വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മിൽ ബന്ധം ഉണ്ടായാൽ അതിൽ പുരുഷനെ ശിക്ഷിക്കാൻ മാത്രമേ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പിൽ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. എന്നാൽ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ഉണ്ടാകണമെന്ന ശുപാർശ ആണ് പാർലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്.
ലിംഗ സമത്വം ഉറപ്പാക്കിയാണെങ്കിൽ പോലും വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിനെ ചിദംബരം എതിർത്തു. സുപ്രീം കോടതി വിധി മറികടക്കുന്ന വ്യവസ്ഥ നിയമത്തിൽ ഉൾപെടുത്തരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിയോജിപ്പ് എന്നാണ് സൂചന. അതേസമയം വിവാഹം പരിശുദ്ധമാണെന്നും അതിനാൽ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചു.