ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം കർണാടകയിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത് ബിജെപി. മുൻ ഉപമുഖ്യമന്ത്രിയായ ആർ. അശോകയെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. തർക്കങ്ങളെ തുടർന്നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകിയത്.

പത്മനാഭനഗർ എംഎൽഎയായ ആർ അശോക മുൻ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബി വൈ വിജയേന്ദ്ര ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വൊക്കലിഗ വിഭാഗക്കാരനായ ആർ അശോകയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്.

ലിംഗായത്ത് - വൊക്കലിഗ സമവാക്യം പാലിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി ആർ അശോകയെ പ്രതിപക്ഷ നേതാവാക്കിയത്. ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും തലമുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകനാണ് സംസ്ഥാനാധ്യക്ഷൻ. ഇതിനുപിന്നാലെയാണ് വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലിംഗായത്ത്, വൊക്കലിഗ വോട്ടുകൾ കൂട്ടത്തോടെ ചോർന്നത് കൂടിയാണ് ബിജെപിയുടെ കനത്ത തിരിച്ചടിക്ക് ഇടയാക്കിയത്.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം, പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ എന്നിവർ പങ്കെടുത്ത പാർലമെന്ററി പാർട്ടിയോഗത്തിലാണ് അശോകയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത്.

ഏഴ് തവണ ബിജെപിയിൽനിന്ന് എംഎ‍ൽഎയായ ആർ. അശോക 2012 ജൂലൈ മുതൽ 2013 മെയ് വരെയാണ് കർണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്നത്. അഞ്ച് മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, മുൻസിപ്പൽ അഡ്‌മിനിസ്ട്രേഷൻ, ഗതാഗതം, ആരോഗ്യ-കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ബിജെപിയിലെ വൊക്കലിഗ സമുദായത്തിൽ പെട്ട പ്രമുഖ നേതാവായ അശോക ബെംഗളൂരുവിലെ പത്മനാഭ നഗർ മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎയാണ്.

കർണാടക ബിജെപിയിലെ ശക്തനായ നേതാവായ ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎയുമായ ബി.വൈ. വിജയേന്ദ്രയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ്. സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ ലിംഗായത്തിൽ നിന്നുള്ള നേതാവാണ് വിജയേന്ദ്ര.

ഈ വർഷം മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി. സർക്കാറിനെ അട്ടിമറിച്ച് വൻഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ കോൺഗ്രസ് ഒറ്റയ്ക്ക് നേടിയപ്പോൾ ബിജെപി. 66 സീറ്റിലേക്കും ജെ.ഡി (എസ്) 19 സീറ്റിലേക്കും ഒതുങ്ങി.

മെയ് 20-ന് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, അവകാശം ഉന്നയിച്ച് നിരവധി നേതാക്കളെത്തിയതോടെ ബിജെപിക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായിരുന്നില്ല.