ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീണു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി നടത്തിയ തേരോട്ടം. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയേയും മോദി തന്നെ നിശ്ചയിക്കും. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾക്ക് മോദി മുതിരുമോ? ആർക്കും ഈ ചോദ്യത്തിന് ഉത്തരമില്ല.

രണ്ടുപതിറ്റാണ്ടിലേറെയായി രാജസ്ഥാനിലെ ബിജെപി. മുഖമായ വസുന്ധര രാജെ സിന്ധ്യ, കേന്ദ്രത്തിന്റെ പ്രിയങ്കരി ദിയാകുമാരി, ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്ന സ്പീക്കർ ഓം ബിർല, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പിന്നാക്കവിഭാഗ പ്രതിനിധിയും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ ഗജേന്ദ്ര ഷെഖാവത്, രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന ടിജാറ മണ്ഡലത്തിലെ ബാബ ബാലക് നാഥ്, കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ തുടങ്ങി മുഖ്യമന്ത്രിയാകാനുള്ള സാധ്യതാ പട്ടിക നീളുകയാണ്. രാജ് വർദ്ധൻ സിങ് റാത്തോഡും പരിഗണിക്കപ്പെടേണ്ട പേര്.

വസുന്ധര രാജെ സിന്ധ്യ മുൻ മുഖ്യമന്ത്രിയാണ്. രാജസ്ഥാൻ ബിജെപിയിൽ സ്വാധീനമുള്ള നേതാവും. വീണ്ടും മുഖ്യമന്ത്രിയാകാൻ അവർ ആഗ്രഹിക്കുന്നു. ഇത് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പക്ഷേ മോദിയുടെ മനസ്സ് എവിടെയാണെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്രത്തോട് ഇടഞ്ഞുനിൽക്കുന്നതിനാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ വസുന്ധരയുടെ നിലപാടുകൾ നിർണായകമാകും. മിന്നും വിജയം ബിജെപി നേടിയതു കൊണ്ടു തന്നെ തൽകാലം പൊട്ടിത്തെറികളുണ്ടാകില്ല. എന്നാൽ വസുന്ധരയെ പിണക്കിയാൽ കാര്യങ്ങൾ കൈവിട്ടു പോകാനും സാധ്യതയുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസിനെ തളർത്തിയത് മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലെ പോരാണ്. അത് ബിജെപിയിൽ സജീവമാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഈ സമയം വസുന്ധരയെ പിണക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന ടിജാറ മണ്ഡലത്തിലെ ബാബ ബാലക് നാഥ് ആർ എസ് എസിന് താൽപ്പര്യമുള്ള സന്നാസി നേതാവാണ്. ഭരണത്തിന് ആത്മീയ മുഖം നൽകാൻ ബാബ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവും സജീവമാണ്.

വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒരിക്കൽക്കൂടി മുഖ്യമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുണ്ടെന്നത് പകൽ പോലെ വ്യക്തം. ഇത്തവണ കഴിഞ്ഞാൽ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുമെന്നും പറഞ്ഞിരുന്നു. ബാബാ ബാലക്‌നാഥ് ടിജാറ മണ്ഡലത്തിൽ നിന്ന് 6173 വോട്ടിന് വിജയിച്ചിട്ടുണ്ട്. യുപിയിലെ യോഗി ആദിത്യനാഥിനെപ്പോലെ രാജസ്ഥാനിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറയിടാൻ കഴിവുള്ളയാളാണ്. നാഥ് സന്യാസി പരമ്പരയിൽ നിന്നുള്ളയാളാണ്.

ഉയരുന്ന മറ്റൊരു പ്രധാന പേര് രാജ്യസഭാംഗം കൂടിയായ കിരോഡി ലാൽ മീണയുടേതാണ്. വസുന്ധരയെപ്പോലെ ജനപിന്തുണയുള്ള മുതിർന്ന നേതാവാണ്. ജയ്പുർ രാജകുടുംബാംഗമായ ദിയാ കുമാരി, രാജ്യവർധൻ റാത്തോഡ് എന്നിവർക്കൊപ്പം അർജുൻ റാം മേഘ്വാൾ, ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നീ കേന്ദ്രമന്ത്രിമാരുടെ പേരു കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്കുയർന്നു കേൾക്കുന്നു. സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പറഞ്ഞെങ്കിലും പരിഗണിക്കപ്പെട്ടേക്കും.