- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിന്റെ 'മാമാജി'! ശിവരാജ് സിങ് ചൗഹാന് അഞ്ചാം ഊഴം മോദി നൽകിയേക്കും; ജ്യോതിരാദിത്യ സന്ധ്യയ്ക്ക് മുഖ്യമന്ത്രി കസേരയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ആർ എസ് എസും ചൗഹാന് ഒപ്പം; മധ്യപ്രദേശിൽ ബിജെപി വിജയ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് തന്നെ
ഭോപ്പാൽ: മധ്യപ്രദേശിനെ വീണ്ടും ശിവരാജ് സിങ് ചൗഹാൻ നയിക്കും എന്ന് സൂചന. അഞ്ചാം വട്ടവും ബിജെപിയുടെ മുതിർന്ന നേതാവ് മുഖ്യമന്ത്രിയാകാനാണ് സാധ്യത. മധ്യപ്രദേശിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നിൽ ചൗഹാനാണ്. സ്ത്രീ വോട്ടർമാരെ ചേർത്ത് നിർത്തിയാണ് ഈ വമ്പൻ വിജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് വിജയത്തിന്റെ ക്രെഡിറ്റ് ചൗഹാൻ നൽകുന്നത്. അടുത്ത മുഖ്യമന്ത്രിയെ മോദിയാകും തീരുമാനിക്കുക എന്ന് കൂടി അറിഞ്ഞു കൊണ്ടാണ് ഈ നീക്കം. ഏതായാലും ചൗഹാനെ മോദി കൈവിടില്ലെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.
എന്നാൽ മുഖ്യമന്ത്രിക്കസേരയിൽ നോട്ടമിട്ടിരിക്കുന്നവരിൽ ബിജെപി. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ മുതൽ ജ്യോതിരാദിത്യ സിന്ധ്യവരെയുണ്ട്. ഇത്തവണ നിയമസഭയിൽ മത്സരിക്കാനിറങ്ങിയ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമറും പ്രഹ്ലാദ് പട്ടേലും സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുമൊക്കെ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്നവരാണ്. പ്രതാപ് സിങ് ഉൾപ്പെടെ ഏഴ് എംപി.മാർ വേറെയും.
22 എംഎൽഎ.മാരുമായി ബിജെപി.യിലെത്തി കമൽനാഥ് മന്ത്രിസഭയെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യയോട് ബിജെപി.ക്ക് കടപ്പാടുണ്ട്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ചൗഹാനെ എങ്ങനെ മാറ്റുമെന്ന ചോദ്യം ഉയരും. അമിത് ഷായുടെ അടുപ്പക്കാരനും പാർട്ടിയിലെ പ്രധാനിയുമായി വിജയ് വർഗിയയും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. ആർ എസ് എസ് മനസ്സാകും ഇനി നിർണ്ണായകം. ചൗഹാനെ ആർ എസ് എസ് കൈവിടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിന്റെ സൂചനകൾ പരിവാർ നേതൃത്വം നൽകി കഴിഞ്ഞു.
മധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി തുടർഭരണത്തിലേക്ക് എത്തുമ്പോൾ ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചാം ഊഴം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ചൗഹാനെ നീക്കി മറ്റൊരു നേതാവിന് മുഖ്യമന്ത്രിക്കസേര നൽകാൻ ബിജെപി തുനിഞ്ഞേക്കില്ലെന്നാണ് സൂചന. മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ 'മാമാജി' എന്നറിയപ്പെടുന്ന ശിവരാജ് സിങ് ചൗഹാന് നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നു തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിലെ മിന്നും വിജയം.
64കാരനായ ചൗഹാൻ 2005ലാണ് മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. പിന്നീട് 2008ലും 2013ലും 2020ലും മുഖ്യമന്ത്രിയായി. 2018ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം പിടിച്ചപ്പോഴാണ് ചൗഹാന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. എന്നാൽ 2020ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ കോൺഗ്രസ് വിട്ടതോടെ കമൽനാഥിന് ഭരണം നഷ്ടമായി. വിമതർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ചൗഹാനെ മുഖ്യമന്ത്രിയാക്കി ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.
പാർട്ടിയുടെ മിന്നും വിജയത്തിൽ ചൗഹാന് നന്ദി പറയാനേറെയുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. 'പ്രധാനമന്ത്രി ഇവിടെ പൊതു റാലികൾ നടത്തി ജനങ്ങളോട് വോട്ടഭ്യർഥിച്ചു. അത് ജനങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചു. തുടർഫലമാണ് ഇപ്പോഴത്തെ വിജയം. ഇരട്ട എൻജിൻ സർക്കാർ കേന്ദ്ര പദ്ധതികൾ കൃത്യമായി നടപ്പാക്കി. സർക്കാർ പദ്ധതികൾ ജനഹൃദയത്തിൽ സ്പർശിച്ചു. തങ്ങളോടുള്ള ജനങ്ങളുടെ സ്‌നേഹം എല്ലായിടത്തും ദൃശ്യമായതിനാൽ ബിജെപിക്ക് വലിയ ഭൂരിപക്ഷം നേടി വിജയിക്കാനാകുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു'- അദ്ദേഹം പറഞ്ഞു.
ബുദ്‌നി മണ്ഡലത്തിൽനിന്ന് തുടർച്ചയായ അഞ്ചു തവണ ശിവരാജ് സിങ് ചൗഹാൻ നിയമസഭയിൽ എത്തിയിട്ടുണ്ട്. ചൗഹാന്റെ ആറാം ഊഴവും ബുദ്‌നിയിൽ തന്നെ. സ്ത്രീകൾക്കായി തുടങ്ങി വെച്ച ക്ഷേമപദ്ധതികളാണ് ചൗഹാൻ സർക്കാരിന്റെ ജനപിന്തുണ വർധിപ്പിക്കാൻ ഇടയാക്കിയെന്ന വിലയിരുത്തലുണ്ട്.




