- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പകരക്കാരനാകാൻ ആരെയും അനുവദിച്ചില്ല; പ്രതികരണങ്ങളും സർവേകളും അവഗണിച്ചു; ഹൈക്കമാൻഡിനെ വഞ്ചിച്ചു; രാജസ്ഥാനിൽ പരാജയപ്പെട്ടത് കോൺഗ്രസല്ല; കാരണക്കാരൻ ഗെലോട്ടെന്ന് ലോകേഷ് ശർമ
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് നേരിട്ട വലിയ പരാജയത്തിന് കാരണക്കാരൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടാണെന്ന വിമർശനവുമായി അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്.ഡി.) ലോകേഷ് ശർമ. പാർട്ടിയുടെ പരാജയത്തിന് കാരണക്കാരൻ ഗെലോട്ടാണെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരിച്ചടിക്ക് കാരണമെന്നും ലോകേഷ് ശർമ്മ കുറ്റപ്പെടുത്തി.
ഗെലോട്ടിന്റെ അനുഭവജ്ഞാനത്തിനോ പദ്ധതികൾക്കോ കോൺഗ്രസിന് അധികാരത്തുടർച്ച സമ്മാനിക്കാനായില്ലെന്ന് ലോകേഷ് ആരോപിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ലോകേഷിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.
ഗെലോട്ട് ഹൈക്കമാൻഡിനെ വഞ്ചിച്ചെന്നും ലോകേഷ് ആരോപിച്ചു. പ്രതികരണങ്ങൾ കൃത്യമായി മുകൾത്തട്ടിലെത്താൻ അനുവദിച്ചില്ല, തനിക്ക് പകരക്കാരനാകാൻ ആരെയും അനുവദിച്ചില്ല, അപക്വമതികളും സ്വാർഥരുമായ ഒരു കൂട്ടത്താൽ ചുറ്റപ്പെട്ട് നിൽക്കുകയും തുടർച്ചയായി തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു, ആത്മാരാധനയിൽനിന്ന് ഉദയംചെയ്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്, പ്രതികരണങ്ങളും സർവേകളും അവഗണിച്ചു തുടങ്ങിയ ആരോപണങ്ങളും ലോകേഷ്, ഗെലോട്ടിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു ഫലം വേദനിപ്പിച്ചു, പക്ഷെ ഞെട്ടിച്ചില്ല. ഭരണത്തുടർച്ച അനുവദിക്കാത്ത രാജസ്ഥാന്റെ പാരമ്പര്യത്തെ മാറ്റാൻ വേണമെങ്കിൽ കോൺഗ്രസിന് സാധിക്കുമായിരുന്നു. എന്നാൽ ഗെലോട്ട് ഒരിക്കലും മാറ്റം ആഗ്രഹിച്ചില്ല. ഇത് കോൺഗ്രസിന്റെ പരാജയമല്ല, ഗെലോട്ടിന്റെ പരാജയമാണ്, ലോകേഷ് ആരോപിച്ചു.
ഇത്തരമൊരു ഫലം ഉറപ്പായിരുന്നെന്നും അതേക്കുറിച്ച് ഗെലോട്ടിന് താൻ പലകുറി മുന്നറിയിപ്പുകൾ നൽകിയിരുന്നെന്നും ലോകേഷ് പറയുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ ഗെലോട്ട് തയ്യാറായിരുന്നില്ലെന്നും ലോകേഷ് വിമർശിച്ചു. ആദ്യം ബിക്കാനീറിൽനിന്നും പിന്നീട് ഭിൽവാരയിൽനിന്നും മത്സരിക്കാനുള്ള താൽപര്യം താൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഗെലോട്ട് പുതിയ പരീക്ഷണം നടത്തുകയായിരുന്നു. മന്ത്രിയായിരുന്ന ബി.ഡി. കല്ല, ഇരുപതിനായിരത്തിൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുമെന്ന് താൻ പറഞ്ഞിരുന്നെന്നും അങ്ങനെ സംഭവിച്ചുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.