- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്; തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത്; പരാജയങ്ങളിൽനിന്ന് പ്രതിപക്ഷം പാഠം ഉൾക്കൊള്ളണം'; വികസനം പാതിവഴിയിൽ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന്റെ നിരാശ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവർത്തിക്കുന്നവർക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ഒമ്പത് വർഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച് ക്രിയാത്മകമായി മുന്നോട്ടുപോകണം. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് നിർണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയങ്ങളിൽനിന്ന് പ്രതിപക്ഷം പാഠം ഉൾക്കൊള്ളണമെന്നും മോദി പറഞ്ഞു. നിങ്ങൾ ക്രിയാത്മകമായി മുന്നോട്ടുപോയാൽ പുതിയ വാതിലുകൾ തുറക്കപ്പെടും. രാജ്യതാൽപര്യത്തെ മുൻനിർത്തിയുള്ള ക്രിയാത്മക നടപടികളെ പിന്തുണയ്ക്കണം. വിദ്വേഷം പലരീതിയിലും പടർന്നുപിടിക്കുന്നുന്ന സാഹചര്യത്തിൽ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് നിഷേധാത്മകമായ പ്രതിഛായയാണ് ഉണ്ടാക്കുക- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾ, യുവാക്കൾ, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ നാല് ജാതിയേ രാജ്യത്ത് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ശരിയായ നയങ്ങൾ രൂപീകരിക്കുന്നവരെ അവർ പിന്തുണയ്ക്കും. മികച്ച ഭരണമുള്ളപ്പോൾ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും വികസനം പാതിവഴിയിൽ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.
അതേസമയം, ഡിസംബർ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തിൽ ക്രിമിനൽ നിയമങ്ങളുടെ പരിഷ്കാരം ഉൾപ്പെടെ നിർണായകമായ 18 ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുക. ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ 18 ബില്ലുകളും പട്ടികപ്പെടുത്തിയിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനൽ നടപടി ക്രമം (സി.ആർ.പി.സി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതിൽ പ്രധാനപ്പെട്ടത്.
നിയമങ്ങളുടെ പേര് ഉൾപ്പെടെ മാറുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു.ഭാരതീയ ന്യായ സംഹിത എന്നാണ് 1860-ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര്. 1973-ൽ നിലവിൽ വന്ന സി.ആർ.പി.സിക്ക് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. ഭാരതീയ സാക്ഷ്യ ബിൽ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന് ബിജെപി. സർക്കാർ നൽകാനുദ്ദേശിക്കുന്ന പേര്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള നിയമനിർമ്മാണവും ശീതകാല സമ്മേളനത്തിൽ ഉണ്ടാകുമെന്ന് ബുള്ളറ്റിൻ പറയുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഈ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി വിധി.എന്നാൽ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലിൽ സമിതിയിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനായാണ് കേന്ദ്രം ബിൽ ഈ രീതിയിൽ അവതരിപ്പിച്ചത്.ജമ്മു കശ്മീർ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 107-ൽ നിന്ന് 114 ആയി ഉയർത്തുന്ന ബില്ലാണ് മറ്റൊന്ന്. കശ്മീരി കുടിയേറ്റക്കാർക്കും പാക് അധീന കശ്മീരിൽനിന്ന് കുടിയിറക്കപ്പെട്ടവർക്കും പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും പ്രാതിനിധ്യം നൽകാനാണ് ഇതെന്നാണ് വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ