ഭോപ്പാൽ: മധ്യപ്രദേശിൽ ഭരണവിരുദ്ധവികാരം മറികടന്ന് വൻവിജയം നേടിക്കൊടുത്തതുകൊണ്ടുതന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വീണ്ടും നറുക്ക് വീഴുമെന്ന് സൂചന. ചൗഹാനെ മുഖ്യമന്ത്രി പദത്തിലേക്ക് ഒരു തവണ കൂടി പരിഗണിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാകും നിർണ്ണായകം. അതിനിടെ ചൗഹാനെതിരായ വികാരവും ബിജെപിയിൽ ശക്തമാണ്.

ചൗഹാൻ വിരുദ്ധരുടെ ആവശ്യം ദേശീയനേതൃത്വം അംഗീകരിച്ചാൽ പകരം കൈലാഷ് വിജയ് വർഗിയ, കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പേരുകളാണ് മുഖ്യമന്ത്രി പദത്തിൽ പരിഗണനയിൽ. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ചൗഹാൻ വീണ്ടും വിജയിച്ചത്. ചൗഹാനെ നീക്കിയാലും പകരം ദേശീയതലത്തിൽ കാര്യമായ പരിഗണന നൽകേണ്ടിവരും. കേന്ദ്ര സർക്കാരിൽ മികച്ച വകുപ്പ് അടക്കം ചൗഹാന് നൽകുന്നത് പരിഗണനയിലാണ്. ചൗഹാനെ മാറ്റുമ്പോൾ സിന്ധ്യയെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിലും അതും പാർട്ടിക്കുള്ളിൽ പുതിയ പ്രശ്‌നമാകും.

ശിവ്രാജ് സിങ് ചൗഹാനെത്തന്നെ മുഖ്യമന്ത്രിയായി ലോക്‌സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും നിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ദേശീയ നേതൃത്വത്തിനു താൽപര്യമില്ലെന്നാണ് സൂചനയുമുണ്ട്. വൻ വിജയം നേടിയ സാഹചര്യത്തിൽ ശിവ്രാജിനെപ്പോലെയുള്ള വലിയ നേതാവിനെ അവഗണിക്കരുതെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖനുമായ പ്രഹ്ലാദ് സിങ് പട്ടേൽ ഇന്നലെ പാർലമെന്റിൽ ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയതായാണ് വിവരം.

തുടർഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബിജെപിയുടെ കീഴ് വഴക്കം . ഈ സാധ്യതയാണ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ പേര് ഉയർന്നു കേൾക്കാൻ കാരണം. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും രണ്ടു സഹമന്ത്രിമാരും അടക്കം അടക്കം 7 എംപിമാർ മധ്യപ്രദേശിൽ മത്സരിച്ചിരുന്നു .ദേശീയ ജനറൽ സെക്രട്ടറിയും ഇൻഡോർ നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്ത കൈലാഷ് വിജയ വർഗീയയും മുഖ്യമന്ത്രി പദവിയിലേക്ക് അവകാശവാദം ഉന്നയിച്ചു. അതുകൊണ്ട് തന്നെ ആർഎസ്എസ് നിലപാട് നിർണ്ണായകമാകും.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭോപ്പാൽ ദുരിത ബാധിതരെയാണ് ശിവരാജ് സിങ് ചൗഹാൻ സന്ദർശിച്ചത് . വരുംകാലത്തും പാലിക്കുന്ന ഉറപ്പ് ഇവർക്ക് നൽകിയത് . പരോക്ഷമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം സ്വയം ഉയർത്തിക്കാട്ടുകയാണ് എന്നും നിരീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശിൽ വമ്പൻ വിജയം നേടി അധികാരം നിലനിർത്തിയതിന്റെ ആഹ്ലാദത്തിലാണ് ബിജെപി. എന്നാൽ വിജയാഹ്ലാദങ്ങൾക്കിടയിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില തോൽവികളും ഉണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി നരോത്തം മിശ്രയടക്കം ശിവ്രാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് പരാജയം രുചിച്ചത്.

മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമാർ, പ്രഹ്‌ളാദ് പട്ടേൽ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ എന്നിവരെല്ലാം വിജയം നേടി. ബുധ്‌നിയിൽ നിന്ന് തുടർച്ചായ ആറാം തവണയാണ് ചൗഹാൻ വിജയം നേടിയത്.